left cyber groups against ravada chandrasekhar’s appointment
3, July, 2025
Updated on 3, July, 2025 21
![]() |
പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട സിപിഐഎം നേതാവ് പി ജയരാജന്റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയടി. കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് എന്നും പി ജയരാജന്റെ ചങ്കൂറ്റത്തിന് നന്ദിയെന്നും സൂചിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് പോസ്റ്റുകള്‍ വരുന്നത്. കൂത്തുപറമ്പ് വെടിവയ്പ്പില്‍ റവാഡ ചന്ദ്രശേഖരന്‍ കുറ്റക്കാരനല്ലെന്ന് സിപിഐഎം നേതൃത്വം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പി ജയരാജനെ പിന്തുണച്ചും സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചും ഇടത് പ്രൊഫൈലുകളില്‍ നിന്നും ഇടത് അനുകൂല ഗ്രൂപ്പുകളില്‍ നിന്നും പോസ്റ്റുകള്‍ വരുന്നത്. (left cyber groups against ravada chandrasekhar’s appointment)
കൂത്തുപറമ്പിലെ വെടിവയ്പ്പില്‍ ഉള്‍പ്പെട്ടയാളാണ് പുതിയ ഡിജിപിയായ റവാഡയെന്നും സര്‍ക്കാര്‍ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു പി ജയരാജന്റെ ആദ്യപ്രതികരണം. റവാഡയെ നിയമിക്കാനുള്ള തീരുമാനം വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂത്ത്പറമ്പ് രക്തസാക്ഷികളെ ഓര്‍മിപ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ഡിജിപി നിയമനവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് പി ജയരാജന്‍ ഇന്ന് വിശദീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടി നിര്‍ദേശിക്കണ്ടതല്ലയ. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് ഞാന്‍ ചെയ്തതെന്ന് പി ജയരാജന്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെ നേതാക്കളെ താറടിച്ച് കാണിക്കാനായി പ്രസ്താവനകള്‍ വ്യാഖ്യാനം ചെയ്ത് കാണിക്കുന്നതായി പി ജയരാജന്‍ കുറ്റപ്പെടുത്തി. മന്ത്രി സഭാ തീരുമാനത്തെയോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഒരു വ്യതിചലനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു.