കനത്ത മഴ; സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

heavy rain school holiday today
27, June, 2025
Updated on 27, June, 2025 15

heavy rain school holiday today

കനത്ത മഴ സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇടുക്കിയിലും വയനാട്ടിലും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാവൂർ ഗ്രാമ പഞ്ചായത്താണ് അവധി പ്രഖ്യാപിച്ചത്. മാവൂർ, ചാത്തമംഗലം,പെരുവയൽ ,പെരുമണ്ണ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മിക്ക റോഡുകളും മുങ്ങിയിട്ടുണ്ട്.

ഇതുവഴിയുള്ള ഗതാഗതവും പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടതോടെ ചിലയിടങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും മാമ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

ജൂൺ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.





Feedback and suggestions