പഞ്ചാബിൽ ഓടുന്ന ട്രെയിനിൽ വൻ തീപിടിത്തം; കർമഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾ കത്തിനശിച്ചു, ആളപായമില്ല


6, November, 2026
Updated on 6, November, 2026 9


രാജ്പുര: പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കർമഭൂമി എക്സ്പ്രസ്സ് ട്രെയിനിൽ വൻ തീപിടിത്തം. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അഗ്നിബാധയുണ്ടായത്. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീ പടർന്നതിനെ തുടർന്ന് ട്രെയിനിൽ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ചാടുന്നതിനിടയിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.


പുക ഉയരുന്നത് കണ്ടയുടൻ ട്രെയിൻ അടിയന്തരമായി നിർത്തിയിട്ട് യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിച്ചു. ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് റെയിൽവേ അധികൃതരുടെ ആദ്യഘട്ട വിലയിരുത്തൽ. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന ഈ പ്രത്യേക ട്രെയിനിൽ ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം വീടുകളിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരായിരുന്നു ഏറെയും.ട്രെയിനിന്റെ ആദ്യത്തെ നാല് കോച്ചുകളിലേക്കാണ് തീ വേഗത്തിൽ പടർന്നുപിടിച്ചത്. ഇതിൽ മൂന്ന് കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചു. നാലാമത്തെ കോച്ചിലേക്ക് തീ കൂടുതൽ പടരുന്നതിന് മുൻപ് തന്നെ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ട്രെയിൻ പൂർണ്ണമായും ഒഴിപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും റെയിൽവേ അറിയിച്ചു.




Feedback and suggestions