ഓവല്‍ ഓഫീസിനും കാബിനറ്റ് മുറിക്കും ദേശീയ സ്മാരക പദവി പ്രഖ്യാപിച്ച് ട്രംപ്


6, November, 2026
Updated on 6, November, 2026 8


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിനും കാബിനറ്റ് മുറിക്കും ദേശീയ സ്മാരക പദവി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തില്‍ അദ്ദേഹം ഒപ്പുവെച്ചു. ഭാവിയില്‍ അധികാരത്തിലെത്തുന്ന പ്രസിഡന്റുമാര്‍ക്ക് ഈ രണ്ട് മുറികളിലും വലിയ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാക്കുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ രണ്ടാം ഭരണകാലത്ത് ഓവല്‍ ഓഫീസില്‍ ഉള്‍പ്പെടെ വ്യാപകമായ അലങ്കാരപ്പണികളും നവീകരണങ്ങളും നടത്തിയ ട്രംപ് ഈ ചരിത്രപ്രധാനമായ ഇടങ്ങള്‍ ഭാവിയില്‍ ആരും നശിപ്പിക്കാതിരിക്കാനാണ് നടപടിയെന്നും പറഞ്ഞു. ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വിസ്മയകരമായ ഈ ഇടങ്ങള്‍ നശിപ്പിക്കാനോ പൊളിച്ചുമാറ്റാനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശീയ ചരിത്ര പ്രാധാന്യമുള്ള കെട്ടിടമായി വൈറ്റ് ഹൗസ് നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ട്രംപിന്റെ നേതൃത്വത്തില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗ് പൊളിച്ചുനീക്കി പുതിയ ബാള്‍റൂം നിര്‍മിക്കാനുള്ള നടപടികളും റോസ് ഗാര്‍ഡനിലെ പച്ചപ്പുള്ള ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് പാകി മാറ്റിയതും സൗത്ത് ലോണില്‍ കോണ്‍ക്രീറ്റ് ഹെലിപാഡ് നിര്‍മിച്ചതും വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഈ മാറ്റങ്ങള്‍ നടത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഓവല്‍ ഓഫീസിനും കാബിനറ്റ് മുറിക്കും പ്രത്യേക സംരക്ഷണം നല്‍കുന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. തന്റെ താല്‍പര്യത്തിന് ഏറെ പ്രാധാന്യമുള്ള വിഷയമാണിതെന്നും നിരവധി ആളുകള്‍ക്കും ഇതില്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.


മിഡ്ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട ആഴ്ചയിലാണ് ട്രംപ് വൈറ്റ് ഹൗസിലെ നവീകരണ പദ്ധതികള്‍ക്ക് വീണ്ടും പ്രാധാന്യം നല്‍കുന്നത്. മൂന്ന് ദിവസത്തിനിടെ ഇതു മൂന്നാമത്തെ തവണയാണ് വാഷിങ്ടണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് അദ്ദേഹം മാധ്യമങ്ങളുമായി അഭിപ്രായം പങ്കുവെച്ചത്. ബുധനാഴ്ച പുതിയ ബാള്‍റൂം നിര്‍മാണം നടക്കുന്ന സ്ഥലത്തെത്തിയ ട്രംപ് കോണ്‍ക്രീറ്റ് ബീമില്‍ ഒപ്പുവെച്ചിരുന്നു. തിങ്കളാഴ്ച ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്‌ലക്ടിങ് പൂളിന്റെ നവീകരണം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. മിഡ്ടേം തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ട്രംപ് നടത്തിയ ആദ്യ ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ നടപടിയായിരുന്നു പുതിയ ദേശീയ സ്മാരക പ്രഖ്യാപനം.


റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇരുസഭകളിലെയും നിയന്ത്രണം നഷ്ടമായതോടെ ട്രംപിന്റെ രാഷ്ട്രീയ മുന്‍ഗണനകളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ 80 വര്‍ഷത്തിനിടെ മിഡ്ടേം തിരഞ്ഞെടുപ്പില്‍ അധികാരത്തിലുള്ള പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് ഇരുസഭകളുടെയും നിയന്ത്രണം നഷ്ടപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏഴ് സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. ടെക്‌സസ്, കന്‍സാസ്, അയോവ തുടങ്ങിയ റിപ്പബ്ലിക്കന്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകള്‍ നേട്ടമുണ്ടാക്കി. ജനപ്രതിനിധി സഭയില്‍ കുറഞ്ഞത് 253 മണ്ഡലങ്ങളില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതോടെ 1990നുശേഷം ഏതെങ്കിലും പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് അവര്‍ നീങ്ങുകയാണ്




Feedback and suggestions