6, November, 2026
Updated on 6, November, 2026 9
വാഷിങ്ടണ്‍: അമേരിക്കയില്‍ അഞ്ചാംപനി (മീസില്‍സ്) ബാധിച്ച് ഒരു കുഞ്ഞ് കൂടി മരിച്ചു. വിസ്കോണ്‍സിനിലാണ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യാഴാഴ്ച അറിയിച്ചു.ഇതോടെ അമേരിക്കയില്‍ ഈ വര്‍ഷം അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. പെന്‍സില്‍വാനിയയില്‍ ആറുപേരും ന്യൂയോര്‍ക്കില്‍ ഒരാളും വിസ്കോണ്‍സിനില്‍ ഒരാളുമാണ് മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം വിസ്കോണ്‍സിനില്‍ അഞ്ചാംപനി വ്യാപനവുമായി ബന്ധപ്പെട്ട് ഒരു കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നത് അതീവ ദുഃഖകരമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി കിര്സ്റ്റണ് ജോണ്സണ് പറഞ്ഞു. കുഞ്ഞിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ വ്യക്തമാക്കി. അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമാകാമെന്നും രോഗസാധ്യത വിലയിരുത്തി കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
അമേരിക്കയില്‍ ഈ വര്‍ഷം സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളില്‍ കുറഞ്ഞത് 96 ശതമാനവും വാക്സിന് സ്വീകരിക്കാത്തവരിലോ വാക്സിനേഷന് നില വ്യക്തമല്ലാത്തവരിലോ ആണെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നു. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകള്‍ ചുവന്ന് വെള്ളമൊഴുകല്‍ എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. പനി 104 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വായ്ക്കുള്ളിലെ കവിളിന്റെ ഭാഗത്ത് ചെറിയ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം. രാജ്യത്താകെ ഈ വര്‍ഷം ഇതുവരെ 4,800ലധികം അഞ്ചാംപനി കേസുകള്‍ സ്ഥിരീകരിച്ചതായി സിഡിസി അറിയിച്ചു.എല്ലാ സംസ്ഥാനങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1991നുശേഷം അമേരിക്കയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അഞ്ചാംപനി രോഗബാധയാണിത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും വാക്സിനേഷന് നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തവരിലാണ് രോഗബാധയുടെ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.