31, October, 2026
Updated on 31, October, 2026 7
ന്യൂയോര്‍ക്ക്: നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓഹരികളില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടതോടെ യുഎസ് ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച. എഐ മേഖലയിലെ അമിത നിക്ഷേപവും ഓഹരികളുടെ ഉയര്‍ന്ന മൂല്യവും സംബന്ധിച്ച ആശങ്കകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റതോടെയാണ് വലിയ തകര്‍ച്ച നേരിട്ടത്. എസ് ആന്‍ഡ് പി 500 സൂചിക 2.2 ശതമാനം ഇടിഞ്ഞതോടെ ജൂണിന് ശേഷമുള്ള ഏറ്റവും മോശം വ്യാപാര ദിനത്തിലേക്കാണ് വിപണി നീങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തിലാകുമെന്ന സൂചനയും ശക്തമായി. സാങ്കേതികവിദ്യാ ഓഹരികളുടെ തകര്‍ച്ചയില്‍ നാസ്ഡാക് സൂചിക 3.4 ശതമാനം ഇടിഞ്ഞു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 634 പോയിന്റ് അഥവാ 1.2 ശതമാനം താഴുകയും ചെയ്തു.
ഇന്റല്‍ ഓഹരികളാണ് വിപണിയിലെ ഇടിവിന് പ്രധാന കാരണമായത്. വെള്ളിയാഴ്ച ഓഹരി വില 30.9 ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മോശം വ്യാപാര ദിനങ്ങളിലൊന്നായി ഇത് മാറി. ഈ വര്‍ഷത്തെ അവസാന മൂന്ന് മാസത്തെ ലാഭം സംബന്ധിച്ച് കമ്പനി നല്കിയ പ്രവചനം വിപണി പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയില്‍ ഇപ്പോഴും സമ്മര്‍ദം തുടരുകയാണെന്ന് സിഇഒ ലിപ്-ബു ടാന്‍ വ്യക്തമാക്കി. അതേസമയം, ഏറ്റവും പുതിയ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലാഭം നേടിയിട്ടും ആമസോണിന്റെ ഓഹരി വില 2.1 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ 42.4 ബില്യണ്‍ ഡോളറിന്റെ സ്വതന്ത്ര പണമൊഴുക്ക് നഷ്ടമുണ്ടായതും എഐ സാങ്കേതികവിദ്യയിലെ വന്‍ നിക്ഷേപത്തിനായി 94.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതും നിക്ഷേപകരെ ആശങ്കയിലാക്കി. ഗൂഗിളിന്റെയും യൂട്യൂബിന്റെയും മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരികളും കഴിഞ്ഞ ദിവസം 12 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു.
എഐ മേഖലയിലെ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ ഭാവിയില്‍ ആവശ്യമായ ലാഭവും ഉല്‍പ്പാദനക്ഷമതയും നല്‍കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ വിപണിയെ അലട്ടുന്നത്. ഡാറ്റാ സെന്ററുകളുടെ നിര്‍മാണത്തിനും ചിപ്പ് സാങ്കേതികവിദ്യയ്ക്കുമായി നൂറുകണക്കിന് ബില്യണ്‍ ഡോളറാണ് കമ്പനികള്‍ ചെലവഴിക്കുന്നത്. ഉയര്‍ന്ന പലിശനിരക്ക് ഇത്തരം നിക്ഷേപങ്ങളെ മന്ദഗതിയിലാക്കുമെന്ന ആശങ്കയും ശക്തമാണ്. എഐ നിക്ഷേപങ്ങളുടെ കാര്യത്തില്‍ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഘട്ടം പിന്നിട്ട് ഫലങ്ങള്‍ നേരിട്ട് തെളിയിക്കേണ്ട ഘട്ടത്തിലേക്കാണ് വിപണി കടക്കുന്നതെന്ന് ഇക്വിറ്റി ആര്‍മര്‍ ഇന്‍വെസ്റ്റ്മെന്റ്സിലെ പോര്‍ട്ട്ഫോളിയോ മാനേജര്‍ ജോ ടിഗേയ് വിലയിരുത്തി. എഐ മുന്നേറ്റത്തിന്റെ പ്രതീകമായി മാറിയ എന്‍വിഡിയയുടെ ഓഹരികളും 5.3 ശതമാനം ഇടിഞ്ഞു. എസ് ആന്‍ഡ് പി 500 സൂചികയുടെ തകര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് എന്‍വിഡിയ ഓഹരികളായിരുന്നു.അതേസമയം, ക്രിപ്റ്റോ കറന്‍സി മേഖലയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാന്‍സിനെ ബാധിച്ച ഹാക്കിങ് ആക്രമണത്തിന് പിന്നാലെയാണ് മേഖലയിലെ ഓഹരികള്‍ താഴ്ന്നത്. ആറു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ക്രിപ്റ്റോ ആസ്തികളെ ബാധിച്ച ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ സംഘമാണെന്നാണ് യുഎസ് ആസ്ഥാനമായ ബ്ലോക്ക്ചെയിന്‍ ഇന്റലിജന്‍സ് സ്ഥാപനം സംശയിക്കുന്നത്. ബിറ്റ്കോയിന്റെ വില ഈ മാസം ആദ്യം 86,000 ഡോളറിന് മുകളിലായിരുന്നത് 77,000 ഡോളറിന് താഴെയെത്തി. കോയിന്‍ബേസ് ഓഹരികള്‍ 14.2 ശതമാനവും ബിറ്റ്കോയിന്റെ വലിയൊരു വിഹിതം കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന സ്ട്രാറ്റജി കമ്പനിയുടെ ഓഹരികള്‍ ഒന്‍പത് ശതമാനവും ഇടിഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യാ മേഖലയ്ക്ക് പുറത്തുള്ള ചില കമ്പനികള്‍ മികച്ച ത്രൈമാസ ലാഭത്തിന്റെ കരുത്തില്‍ നേട്ടമുണ്ടാക്കി. എക്സോണ്‍ മൊബില്‍ 1.7 ശതമാനവും ഷെവ്റോണ്‍ 1.5 ശതമാനവും ഉയര്‍ന്നു. മോണ്ടെലെസ് ഇന്റര്‍നാഷണലും കോള്‍ഗേറ്റ്-പാമോലീവും യഥാക്രമം 4.1, 3.3 ശതമാനം നേട്ടമുണ്ടാക്കി.