ഹോർമുസ് കടലിടുക്കിൽ വൻ ദുരന്തം ഒഴിവാക്കി ജീവനക്കാരുടെ ധീരത; എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം


31, October, 2026
Updated on 31, October, 2026 7


തേഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ 27 ഇന്ത്യക്കാരുള്‍പ്പെടെയുള്ള ജീവനക്കാരുമായി സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ സാമ്രാജ്യത്വ-ശത്രുതാ നീക്കമെന്ന് സംശയിക്കുന്ന ഭീകരാക്രമണം. പനാമയുടെ പതാകയേന്തിയ 'എം.ടി. ലൂയിസ് 1' (MT LOUISE 1) എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് വെള്ളിയാഴ്ച ലിംപെറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായത്. ചെറുവള്ളത്തിലെത്തിയ അജ്ഞാത സംഘം കപ്പലിന്റെ പുറംഭാഗത്ത് മൈനുകൾ ഘടിപ്പിച്ച് സ്ഫോടനം നടത്തുകയായിരുന്നു.സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായെങ്കിലും, ജീവനക്കാരുടെ സമയോചിതവും ധീരവുമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കുകയും കപ്പലിന്റെ യാത്ര തുടരുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഒമാനിലെ ഖസബിന് 46 കിലോമീറ്റർ വടക്കുകിഴക്കായി നടന്ന ഈ ആക്രമണം ബ്രിട്ടീഷ് നാവികസേനയുടെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചിട്ടുണ്ട്.മേഖലയിൽ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ഇടപെടലുകളും തുടർച്ചയായ സംഘർഷങ്ങളും വാണിജ്യ കപ്പലുകൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനിടെ, ആക്രമണത്തിന് തൊട്ടുമുമ്പ് രണ്ട് ഇന്ത്യക്കാരുമായി സഞ്ചരിച്ച ലൈബീരിയൻ പതാകയുള്ള 'എം.ടി. അർസാന' (MT ARZANAH) എന്ന കപ്പലിനും നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. തന്ത്രപ്രധാനമായ ഈ കടൽപാതയിലെ വാണിജ്യ ഗതാഗതം അട്ടിമറിക്കാനും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാനുമുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണങ്ങളെല്ലാം വിലയിരുത്തപ്പെടുന്നത്.ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരെന്ന് കേന്ദ്ര സര്‍ക്കാര്‍.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകളിലെ ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടലുകൾ നടത്തിവരികയാണെന്ന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി. ആക്രമണത്തില്‍പ്പെട്ട കപ്പലുകളിലെ ഇന്ത്യന്‍ നാവികര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കപ്പല്‍ മാനേജ്മെന്റ് കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.




​








​


​

​




Feedback and suggestions