30, October, 2026
Updated on 30, October, 2026 5
വാഷിങ്ടൺ: യു.എസിലെ ഒറിഗൺ സംസ്ഥാനത്ത് മക്മിൻവിൽ മുനിസിപ്പൽ വിമാനത്താവളത്തിന് സമീപം രണ്ടും ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14-ഓടെയാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ.) അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപകമായ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.റോബിൻസൺ R22, എയർബസ് H125 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. റോബിൻസൺ ഹെലികോപ്റ്ററിൽ പൈലറ്റും എയർബസ് ഹെലികോപ്റ്ററിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.വിവരമറിഞ്ഞ ഉടൻതന്നെ പ്രാദേശിക പോലീസും അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ രണ്ടു ഹെലികോപ്റ്ററുകളിലുമായി ഉണ്ടായിരുന്ന മൂന്നുപേരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് യാംഹിൽ കൗണ്ടി ഷെരീഫിന്റെ ഓഫീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.അപകടത്തെ തുടർന്ന് സമീപത്തെ റോഡുകൾ താൽക്കാലികമായി അടച്ചു. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം ആരംഭിച്ചതായി എഫ്.എ.എ. വ്യക്തമാക്കി. സാങ്കേതിക തകരാറുകളാണോ അപകടത്തിന് വഴിവെച്ചതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ.