29, October, 2026
Updated on 29, October, 2026 4
ന്യൂയോർക്ക്: ചരിത്രപ്രസിദ്ധമായ ലേലത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ദിനോസർ അസ്ഥികൂടം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. ടി-റെക്സിനോട് രൂപസാദൃശ്യമുള്ള 'നാനോടൈറാനസ്' (Nanotyrannus) വിഭാഗത്തിൽപ്പെട്ട 'ജോഡി' എന്ന് പേരിട്ടിരിക്കുന്ന അസ്ഥികൂടമാണ് അമേരിക്കയിൽ നടന്ന സോത്ത്ബീസ് ലേലത്തിൽ 47.3 മില്യൺ ഡോളറിന് (ഏകദേശം 400 കോടി രൂപ) വിറ്റുപോയത്.
ന്യൂയോർക്കിൽ ചൊവ്വാഴ്ച നടന്ന ലേലത്തിൽ അസ്ഥികൂടം സ്വന്തമാക്കിയ വ്യക്തിയുടെ പേര് സോത്ത്ബീസ് ലേലസ്ഥാപനം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.ലേലത്തിൽ പരമാവധി 6 മുതൽ 9 മില്യൺ ഡോളർ വരെ വില ലഭിക്കുമെന്നായിരുന്നു വിദഗ്ധരുടെ പ്രാരംഭ പ്രതീക്ഷ. എന്നാൽ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് സമാനതകളില്ലാത്ത പ്രതികരണമാണ് ലേലത്തിൽ ഉണ്ടായത്. ഈ വർഷം വേനൽക്കാലത്ത് 'ഗസ്' എന്ന ടി-റെക്സ് ഫോസിൽ 50.1 മില്യൺ ഡോളറിന് വിറ്റുപോയതിന് ശേഷം, ചരിത്രത്തിൽ ലേലത്തിൽ ഏറ്റവും ഉയർന്ന വില നേടുന്ന രണ്ടാമത്തെ ദിനോസർ ഫോസിലായി 'ജോഡി' മാറി.
2019-ൽ മൊണ്ടാനയിലെ തന്റെ ഭൂമിയിൽ നിന്നാണ് റാഞ്ച് ഉടമയായ ജോഡി പിയേഴ്സൺ ഈ ഫോസിൽ കണ്ടെത്തിയത്. അവരുടെ പേരുതന്നെയാണ് ഈ അപൂർവ്വ അവശിഷ്ടത്തിന് നൽകിയിരിക്കുന്നത്. ഫോസിൽ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്ത വിദഗ്ധ സംഘത്തിന്റെ പ്രവർത്തനങ്ങളെ സോത്ത്ബീസ് പ്രത്യേകമായി അഭിനന്ദിച്ചു.
2020-ൽ ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്ത 'ഡിനോ ഹണ്ടേഴ്സ്' (Dino Hunters) എന്ന ഡോക്യുമെന്ററി പരമ്പരയിലും ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അപൂർവ്വ ഫോസിലുകളെക്കുറിച്ച് പഠിക്കാനും അവ സംരക്ഷിക്കാനും ഈ സംഘം നടത്തിയ പ്രവർത്തനങ്ങൾ ശാസ്ത്രലോകത്തിന് നൽകിയ വലിയ സംഭാവനയാണെന്ന് സോത്ത്ബീസിന്റെ ശാസ്ത്ര-പ്രകൃതിചരിത്ര വിഭാഗം മേധാവി കാസാന്‍ഡ്ര ഹാറ്റണ്‍ അഭിപ്രായപ്പെട്ടു.