Wild boar threat In Kerala: ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ്

Wild boar threat In Kerala
21, June, 2025
Updated on 21, June, 2025 17

Wild boar threat In Kerala: മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും സർക്കാർ.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്ന് സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്.സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ട് ജൂൺ ആറിന് വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് (വന്യജീവി വിഭാഗം) 1972-ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാൻ അഭ്യർത്ഥിച്ചു. 

ആക്രമണകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് നിലവിലുള്ള ചട്ടങ്ങൾ, നടപടിക്രമങ്ങൾ, പ്രോട്ടോക്കോളുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എന്നിവ ലളിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് മറുപടിയായി കേന്ദ്ര മന്ത്രാലയം 2025 ജൂൺ 11-ന് അയച്ച കത്തിൽ ചില അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ പട്ടിക ഒന്നിലും രണ്ടിലും ഉൾപ്പെട്ട ഏതെങ്കിലും വന്യമൃഗത്തെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

കേന്ദ്ര നിയമത്തിൽ വ്യക്തമാക്കിയ പ്രകാരം ആദ്യനടപടിയായി ആക്രമണകാരിയായ ഒരു വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവെക്കാനോ, സ്ഥലത്ത് നിന്ന് മാറ്റാനോ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കിൽ മാത്രമെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അധികാരമുള്ളൂ എന്നും കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി സംസ്ഥാനത്തെ അറിയിച്ചിരുന്നു.

അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിർണായക സാഹചര്യങ്ങളിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല എന്നും അതിനാൽ സംഘർഷങ്ങൾ ലഘൂകരിക്കാൻ കഴിയാതെ വരുന്നതായും കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു. അതോടൊപ്പം 'ആക്രമണകാരിയായ മൃഗം' എന്ന് നിയമത്തിൽ ഉപയോഗിച്ചത് അവ്യക്തമാണെന്നും അത് നിർവ്വചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






Feedback and suggestions