12, October, 2026
Updated on 12, October, 2026 0
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയുടെ തീരമേഖലകളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി. അസാധാരണമായി വെളളപ്പൊക്കവും ശക്തമായ തിരമാലകളും തീരപ്രദേശങ്ങളില്‍ ഭീഷണി സൃഷ്ടിച്ചതിനെത്തുടര്‍ന്ന് നിരവധി ബീച്ചുകളും കടല്‍പ്പാലങ്ങളും അടച്ചു. ന്യൂപോര്‍ട്ട് ബീച്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡുകളിലും സമീപത്തെ തെരുവുകളിലും വെള്ളം കയറി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഓറഞ്ച് കൗണ്ടിയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചത്. വെള്ളിയാഴ്ച മുതല്‍ ഇവിടെ വെള്ളം കയറുന്ന സാഹചര്യം തുടരുകയാണ്. പ്രധാന റോഡായ ബാല്‍ബോവ ബൊളിവാര്‍ഡും സമീപത്തെ നിരവധി തെരുവുകളും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂപോര്‍ട്ട് ബീച്ച് നഗരസഭ ശനിയാഴ്ച പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കടല്‍ തിരമാലകളുടെ ഉയരവും അസാധാരണമായ കടല്‍നിരപ്പും വാരാന്ത്യത്തിലുടനീളം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും ഞായറാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന വേലിയേറ്റം പ്രതീക്ഷിക്കുന്നതെന്നും മുന്നറിയിപ്പുണ്ട്. നഗരത്തിലെ എല്ലാ ബീച്ചുകളും കടല്‍പ്പാലങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനും തീരുമാനിച്ചു. വെള്ളപ്പൊക്കവും അപകടകരമായ സാഹചര്യങ്ങളും ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഈ മേഖലകളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.റേച്ചല്‍ കൊടുങ്കാറ്റ് ശനിയാഴ്ച രാത്രി വൈകി സാന്‍ ഡിയേഗോയ്ക്ക് തെക്ക്-തെക്കുകിഴക്കായി കരതൊട്ടിരുന്നു. തെക്കന്‍ കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങള്‍ക്കു പുറമെ വടക്കുപടിഞ്ഞാറന്‍ അരിസോണ, തെക്കന്‍ നെവാഡ, തെക്കുപടിഞ്ഞാറന്‍ യൂട്ടാ എന്നിവിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഓറഞ്ച് കൗണ്ടിയിലെ ബീച്ചുകള്‍ക്ക് ഞായറാഴ്ച വൈകുന്നേരം മൂന്നു മുതല്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വരെ തീരദേശ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം മൂലം തീരശോഷണവും കടല്‍വെള്ളം റോഡുകളിലേക്കും നടപ്പാതകളിലേക്കും കയറുന്നതും വീണ്ടും സംഭവിക്കാമെന്നാണ് ആശങ്ക.തീരപ്രദേശങ്ങളിലെ മറ്റ് നഗരങ്ങളും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ലഗൂണ ബീച്ച്, ഹണ്ടിങ്ടണ്‍ ബീച്ച്, സാന്‍ ക്ലെമെന്റെ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പ്രതിരോധ ഭിത്തികള്‍ തയാറാക്കാന്‍ മണല്‍ച്ചാക്കുകള്‍ വിതരണം ചെയ്തു. ലോസ് ആഞ്ചലസിന് തെക്കായി ഏകദേശം 30 മൈല്‍ അകലെയുള്ള സീല്‍ ബീച്ചില്‍ കടല്‍ക്ഷോഭവും തീരദേശ വെള്ളപ്പൊക്ക സാധ്യതയും കാരണം ബീച്ചുകളിലെ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഞായറാഴ്ച താല്‍ക്കാലികമായി അടച്ചു. അതേസമയം, ശനിയാഴ്ച കാലിഫോര്‍ണിയയിലെ മെനിഫിയിലും ടെമെക്യുലയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെ മണിക്കൂറില്‍ 60 മൈലിലധികം വേഗത്തിലുള്ള കാറ്റ് രേഖപ്പെടുത്തി.. അരിസോണയിലെ ഫീനിക്‌സിന് സമീപം ശക്തമായ കാറ്റിനെത്തുടര്‍ന്ന് പൊടിക്കാറ്റും വീശി.