11, October, 2026
Updated on 11, October, 2026 6
ജോധ്പൂരിൽ സമാപിച്ച അന്താരാഷ്ട്ര ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസമായ 'തരംഗ് ശക്തി-2026'ൽ പങ്കെടുത്ത മുതിർന്ന യൂറോപ്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ ഇന്ത്യൻ വ്യോമസേനയ്ക്കൊപ്പമുള്ള സഹകരണം സ്വന്തം രാജ്യത്ത് പറക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി. പങ്കുവെക്കപ്പെടുന്ന കൃത്യമായ പ്രവർത്തന രീതികളും വർഷങ്ങളായുള്ള സംയുക്ത പരിശീലനവുമാണ് ഇതിന് സഹായകരമാകുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.രാജസ്ഥാനിലെ മരുഭൂമിക്ക് മുകളിലൂടെയുള്ള ദൗത്യങ്ങളും യൂറോപ്പിലെ വ്യോമ ദൗത്യങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ മേധാവികൾ ജോധ്പൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ജർമ്മൻ എയർഫോഴ്സ് ഫോഴ്സസ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗുന്തർ കാറ്റ്സ് തങ്ങളുടെ പൈലറ്റുമാരിൽ നിന്നും ലഭിച്ച വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരു സേനകളുടെയും പ്രവർത്തന ശൈലിയിലെ സമാനതകൾ എടുത്തുപറഞ്ഞു. ഫ്രഞ്ച് ആംഡ് ഫോഴ്സസ് ഇൻസ്പെക്ടർ ജനറൽ ജനറൽ സ്റ്റെഫാൻ ഗ്രോണും ഫ്രഞ്ച് റഫാൽ സ്ക്വാഡ്രൻ കമാൻഡറുടെ സമാനമായ അനുഭവം വ്യക്തമാക്കി.അഭ്യാസത്തിനിടെ ഇന്ത്യ അടുത്തിടെ നടപ്പിലാക്കിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നടപടിയെക്കുറിച്ച് പങ്കെടുത്ത രാജ്യങ്ങൾക്ക് വ്യോമസേനാ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരവാദ ക്യാമ്പുകൾ തകർത്തുകൊണ്ട് ഇന്ത്യ നടത്തിയ ഈ ഓപ്പറേഷനിൽ മറ്റ് രാജ്യങ്ങൾ വലിയ താൽപ്പര്യം പ്രകടിപ്പിച്ചു. യു.എസ് എയർഫോഴ്സ് പസഫിക് എയർ ഫോഴ്സസ് കമാൻഡർ ജനറൽ കെവിൻ സ്നൈഡർ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗുമായി വിഷയം ചർച്ച ചെയ്യുകയും പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.തരംഗ് ശക്തിയുടെ രണ്ടാം പതിപ്പിൽ ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലെ വ്യോമസേനകളാണ് പങ്കെടുത്തത്. അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപരമായ സഹകരണം ശക്തമാക്കാനും അന്യോന്യമുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ഈ സംയുക്ത അഭ്യാസം വഴി സാധിച്ചതായി വ്യാമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.