റിയാദ് വിമാനത്താവളത്തിൽ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്


11, October, 2026
Updated on 11, October, 2026 7


റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഹൂതി വിമതരുടെ ശക്തമായ മിസൈൽ/ഡ്രോൺ ആക്രമണം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ 309 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം സൗദി അറേബ്യയുടെ മണ്ണിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി പൗരന്മാരാണ്. കൂടാതെ ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, പലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഒരു അമേരിക്കൻ പൗരനും മരണപ്പെട്ടവരുടെ പട്ടികയിലുണ്ട്. റിയാദിന് പുറമെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണശ്രമം നടത്തി. സൗദിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും പോർവിമാനങ്ങളും ഹൂതി ആക്രമണത്തെ ചെറുത്തതായും ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി കിംഗ് ഖാലിദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. സ്ഫോടനത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് കനത്ത പുക ഉയരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടങ്ങളും റോഡുകളും സുരക്ഷാ സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.സംഭവത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും റിയാദിലേക്കും മറ്റ് സൗദി നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ പ്രമുഖ വിമാനക്കമ്പനികൾ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര തലത്തിൽ ശക്തമായ അപലപനമാണ് ആക്രമണത്തിന് നേരെ ഉയർന്നിട്ടുള്ളത്.







Feedback and suggestions