4, October, 2026
Updated on 4, October, 2026 1
അമേരിക്കയുമായുള്ള നിലവിലെ തർക്കങ്ങൾക്ക് സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. നീതിയിലും തുല്യതയിലും അധിഷ്ഠിതമായ നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കൂ എന്ന് ടെഹ്റാനിൽ വിദേശ സ്ഥാനപതിമാരുടെ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ശത്രുക്കൾ വീണ്ടും സൈനിക ഏറ്റുമുട്ടലിന്റെ പാത തെരഞ്ഞെടുത്താൽ ഇറാൻ ഇതിലും ശക്തമായി തിരിച്ചടിക്കുമെന്നും കൂടുതൽ കരുത്തോടെ രാജ്യം സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ തടസ്സപ്പെട്ടത്. യു.എൻ പൊതുസഭയുടെ സമ്മേളനത്തിനിടെ നടന്ന പരോക്ഷ ചർച്ചകളിൽ ഹോർമൂസ് സമുദ്രസന്ധി വീണ്ടും തുറക്കുന്നതിനായി ഇറാൻ ഏഴ് വ്യവസ്ഥകൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളയുകയായിരുന്നു. ഇതിനുശേഷമാണ് സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളല്ലാതെ മറ്റു വഴികളില്ലെന്ന് ഇറാൻ നിലപാട് കടുപ്പിച്ചത്.അതേസമയം, സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സൈനിക നടപടികൾ വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചും യു.എസ് ഭരണകൂടം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ ഗതാഗത പാതയായ ഹോർമൂസ് സമുദ്രസന്ധിയിലെ നിയന്ത്രണത്തെ ചൊല്ലിയാണ് പ്രധാനമായും തർക്കം തുടരുന്നത്. ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിട്ടുണ്ട്.