സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്


4, October, 2026
Updated on 4, October, 2026 4



ഇറാനെതിരെ ഉടൻ നിർണായക തീരുമാനമെടുക്കുമെന്നും കാര്യങ്ങൾ എളുപ്പമുള്ള വഴിയിലോ കഠിനമായ വഴിയിലോ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. വൈറ്റ് ഹൗസിന് പുറത്ത് സംസാരിക്കവേ, ഇറാൻ നിലവിൽ പൂർണ്ണമായും തകർക്കപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എങ്കിലും ഇറാന് എതിരെയുള്ള അടുത്ത നീക്കങ്ങളെക്കുറിച്ചോ കൃത്യമായ സമയപരിധിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. താൻ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ ഇപ്പോൾ പുറത്തുവിട്ടാൽ അത് വലിയ വാർത്തയാകുമെന്നും ഇറാനിലെ സ്ഥിതിഗതികൾ അമേരിക്കയ്ക്ക് അനുകൂലമായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാനുമായുള്ള സംഘർഷം വളരെ വേഗത്തിൽ അവസാനിക്കുമെന്നും പോരാട്ടം തീരുന്നതോടെ ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമെന്നും ടെക്സസിൽ അദ്ദേഹം പ്രവചിച്ചിരുന്നു. സാമ്പത്തികമായും സൈനികമായും ഇറാൻ കടുത്ത പ്രതിസന്ധിയിലാണെന്നും രാജ്യത്ത് 301 ശതമാനത്തിലേറെ പണപ്പെരുപ്പമാണുള്ളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്റെ നാവികസേനയും വ്യോമസേനയും സൈനികശേഷിയും പൂർണ്ണമായി തകർക്കപ്പെട്ടെന്നും ഇതോടെ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ നിർണായക തീരുമാനം എടുക്കേണ്ടത് ഇറാനാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ ശേഷി കൈവരിക്കുന്നത് തടയുക എന്ന നയത്തിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്.






Feedback and suggestions