Animal hospice and palliative care Wayanad
20, June, 2025
Updated on 20, June, 2025 17
![]() |
വന്യജീവി ആക്രമണങ്ങളില്‍ നിരന്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് വയനാട്ടുകാര്‍. അപകടകാരികളായ കടുവകള്‍ മനുഷ്യജീവന്‍ അപഹരിക്കുന്നതിന് പരിഹാരമായാണ് 2022ല്‍ വയനാട് കുറിച്യാട് വനമേഖലയില്‍ അനിമല്‍ ഹോസ്‌പൈസ് സെന്റര്‍ ആന്റ് പാലിയേറ്റിവ് കെയര്‍ യൂണിറ്റ് സര്‍ക്കാര്‍ ആരംഭിച്ചത്. പിടികൂടുന്ന കടുവകളെ വീണ്ടും വനത്തില്‍ തുറന്നുവിടാതെ ഹോസ്‌പൈസിലെത്തിച്ച് മരണം വരെ അവിടെ പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ പത്തോ പന്ത്രണ്ടോ വര്‍ഷത്തിനിടയില്‍ അമ്പത് കടുവകളെ മനുഷ്യജീവന് അപകടകരമായതാണെന്ന് കണ്ടെത്തി പിടികൂടിയിരുന്നു. അതില്‍ 47 കടുവകളും വയനാട്ടില്‍ നിന്നായിരുന്നു. ഈ കാലയളവില്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 പേരില്‍ 9 പേരും വയനാട്ടില്‍ നിന്നുള്ളവരായിരുന്നു. വയനാട്ടില്‍ അപകടകാരികളായ കടുവകള്‍ നിരന്തരം മനുഷ്യവാസ മേഖലകളില്‍ എത്തുകയും നിരവധി പേര്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് അപകടകാരികളായ കടുവകളെ ആജീവനാന്തം പാര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ അനിമല്‍ ഹോസ്‌പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് 2022ല്‍ തുടക്കം കുറിച്ചത്.
കഴിഞ്ഞ 10 – 13 വര്‍ഷത്തിനിടയില്‍ ഏകദേശം 12ഓളം ആളുകള്‍ കേരളത്തില്‍ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അതില്‍ ഒന്‍പത് കേസുകളും വയനാട്ടില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും വയനാട് വന്യജീവിസങ്കേതത്തിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടന്‍ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തോളം കാലമായി കടുവ – മനുഷ്യ സംഘര്‍ഷം ഏറ്റവും കൂടുതലായിട്ടുള്ള ജില്ലയാണ് വയനാട്. 2022 ഫെബ്രുവരി മാസം 26ാം തിയതിയാണ് ആനിമല്‍ ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്ന സംവിധാനം വയനാട്ടില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് – അദ്ദേഹം വിശദമാക്കി.
വയനാട് വന്യജീവിസങ്കേതത്തിന് കീഴിലുള്ള കുറിച്യാട് വനമേഖലയിലാണ് ഈ സംരംഭത്തിന് തുടക്കമായത്. പിടികൂടിയ ആക്രമണകാരികളായ പല കടുവകളും പരിക്കുകള്‍ കൊണ്ടും പ്രായാധിക്യം കൊണ്ടും അവശരായിരുന്നു.
പിടികൂടുന്ന കടുവകളെ കാട്ടില്‍ എവിടെയെങ്കിലും തുറന്നുവിടുന്നപക്ഷം അവ വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന ആശങ്ക ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു . എന്നാല്‍ ആനിമല്‍ ഹോസ്‌പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വന്നതോടെ കടുവകളെ ഇങ്ങനെ മറ്റിടങ്ങളില്‍ തുറന്നു വിടാതെ അവയുടെ മരണം വരെ ഹോസ്‌പൈസില്‍ പാര്‍പ്പിക്കുന്നതാണ് പദ്ധതി.
നിലവില്‍ വയനാട്ടിലെ അനിമല്‍ ഹോസ്‌പൈസില്‍ ഏഴു കടുവകളാണ് ഉള്ളത്. ഈ കടുവകളെ ഇനി ഒരിക്കലും വനത്തിലേക്ക് തുറന്നു വിടില്ലാത്തതിനാല്‍ അത്തരം ആശങ്കള്‍ക്ക് ഇനി അടിസ്ഥാനമില്ല.