ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിന് അകത്തോ പുറത്തോ ?

Shashi Tharoor admits differences with Congress leadership amid Nilambur election campaign
20, June, 2025
Updated on 20, June, 2025 20

Shashi Tharoor admits differences with Congress leadership amid Nilambur election campaign

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായപ്രകടനത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന ശശി തരൂര്‍ വോട്ടെടുപ്പുദിനം വിവാദത്തിന് തിരഞ്ഞെടുത്തത് മനപൂര്‍വമാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കുറച്ചുകാലമായി നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു. തനിക്ക് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും, തിരഞ്ഞെടുപ്പ് ദിനത്തില്‍ അഭിപ്രായം പറഞ്ഞ് വിവാദങ്ങളുണ്ടാക്കാന്‍ തയാറാല്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

എന്നാല്‍, നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം. താരപ്രചാരകരുടെ പട്ടികയില്‍ ശശി തരൂരിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ തരൂര്‍ വിദേശയാത്രയിലും ഡല്‍ഹിയിലുമായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാവായ തരൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം താല്‍പര്യം കാണിക്കേണ്ടതിന് പകരം തിരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നാണ് നേതാക്കളുടെ ആരോപണം.

ദേശീയ നേതൃത്വത്തിനും കേരളാ നേതൃത്വത്തിനും ഒരുപോലെ അനഭിമനതനായ ശശി തരൂരിനെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കെപിസിസി നേതൃത്വം ഉറ്റുനോക്കുന്നത്. കേരളത്തിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം ശശി തരൂരിനെ കൈയ്യൊഴിഞ്ഞ മട്ടാണ്. എഐസിസി നേതൃത്വവും തരൂര്‍ വിഷയത്തില്‍ വിഷമവൃത്തത്തിലാണ്.

തുടര്‍ച്ചയായി മോദി സ്തുതി നടത്തുന്ന ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും മനസിലിരുപ്പ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ഇപ്പോള്‍ പുറത്താക്കിയാല്‍ അത് ഗുണകരമാകുന്നത് തരൂരിന് തന്നെയായിരിക്കുമെന്ന് വ്യക്തമായി ബോധ്യമുള്ള നേതാക്കള്‍ നിലപാട് മയപ്പെടുത്തുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ശശി തരൂര്‍ മോദിയുടെ ടീം അംഗത്തെപ്പോലെയാണ് പെരുമാറുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് ഭീകരത വിശദീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദേശ ടീമില്‍ അംഗമായിരുന്നു തരൂര്‍. കോണ്‍ഗ്രസ് പേര് നല്‍കാതെ തന്നെ ശശി തരൂര്‍ യാത്രാ സംഘത്തലവനായത് നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനെപ്പോലുള്ള നേതാക്കള്‍ നേരത്തെതന്നെ ശശി തരൂരിനെ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നിരുന്നുവെങ്കിലും നേരിട്ടുള്ളൊരു ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കെപിസിസി ഭാരവാഹികളേയും മറ്റും തള്ളിപ്പറയുകയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായ നേട്ടങ്ങളെകുറിച്ച് മികച്ച അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത തരൂര്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കേരളത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. ഹൈക്കമാന്റ് തരൂരിനെ തല്‍ക്കാലം കൂടെ നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും തുടരെ തുടരെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് അദ്ദേഹം.

ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന തരൂരിനെ എന്തിന് പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. തരൂരിനെ ഇപ്പോള്‍ പുറത്താക്കിയാല്‍ രക്തസാക്ഷി പരിവേഷം ഉണ്ടാകും. രാജ്യത്തിന്റെ സുരക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് നിലപാട് സ്വീകരിച്ച തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കിയെന്നായിരിക്കും ബിജെപിയുടെ ആരോപണം. രാജ്യസ്‌നേഹമുള്ള ഒരാള്‍ എന്നനിലയില്‍ നിരവധി കാര്യങ്ങള്‍ തനിക്കിപ്പോള്‍ ചെയ്യാനുണ്ടെന്നും, അതിനാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പ്രസ്താവനയില്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. രാജ്യത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു തരൂരിന്റെ വാദം. തന്നോട് രാജ്യം ചിലകാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു, അത് ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷിക്കുന്നുവെന്നായിരുന്നു പ്രതികരണം. പാര്‍ട്ടിയൊന്നും തനിക്കിപ്പോള്‍ വിഷയമല്ല എന്നാണ് തരൂരിന്റെ നിലപാട്.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുന്നതില്‍ തരൂര്‍ ആശങ്കപ്പെടുന്നില്ല. ബിജെപി വ്യക്തമായ അക്കൊമഡേഷന്‍ നല്‍കുമെന്ന് വ്യക്തമാണ്. എന്നാല്‍ തരൂര്‍ തിരുവനന്തപുരം എംപി സ്ഥാനം രാജിവച്ചാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. നിലവിലുള്ള രാഷ്ട്രീയ സ്ഥിതിവച്ച് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറുക അത്ര എളുപ്പമല്ല. രാജീവ് ചന്ദ്രശേഖറുമായുള്ള ഇലക്ഷന്‍ പോരാട്ടത്തില്‍ ശശി തരൂര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മറ്റൊരു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതാണ് തരൂരിനെതിരെ നടപടിക്ക് തിടുക്കം കാണിക്കാത്തത്. ഏത് നിമിഷവും തരൂര്‍ പാര്‍ട്ടിയോട് വിടപറയുമെന്നുതന്നെയാണ് കേരളത്തിലെ നേതാക്കളുടെ വിശ്വാസം. ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്.

എഐസിസി തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിന്റെ സ്ഥാനാര്‍ഥിക്കെതിരെ മത്സരത്തിനിറങ്ങിയതാണ് തരൂരിന് കോണ്‍ഗ്രസില്‍ തിരിച്ചടിയായത്. എഐസിസി പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കിയെങ്കിലും പ്രത്യേക ചുമതലകളൊന്നും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന തരൂര്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ഉപനേതാവ് സ്ഥാനമൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ശശി തരൂരിനെ പരിഗണിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായിരുന്നില്ല. പാര്‍ട്ടിയില്‍ നിരന്തരമായി അവഗണ നേരിടുന്നതായുള്ള ആരോപണത്തിനിടയിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയേയും പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തിയത്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം തരൂര്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പമായെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. വിദേശയാത്രയ്ക്ക് ശേഷം മോദിയുമായി നടത്തിയ കൂടിക്കാഴ്ചയും കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കിയിരുന്നു. വരും ദിവസങ്ങളില്‍ തരൂര്‍ വീണ്ടും ചൂടേറിയ ചര്‍ച്ചയായി മാറുന്നതിനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.





Feedback and suggestions