ബാങ്ക് പണിമുടക്ക് ഇല്ല, പിൻവലിച്ചു..! മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ


28, September, 2026
Updated on 28, September, 2026 6


ഡൽഹി: ബാങ്ക് ജീവനക്കാർ നാളെ മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനമാക്കണമെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായതോടെയാണ് സമരം മാറ്റിവച്ചത്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി ചുരുക്കുക എന്നതാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവച്ചിരുന്നു. നേരത്തെ ഈ ആവശ്യങ്ങൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു.അഞ്ചുദിവസത്തെ പ്രവൃത്തിദിനം സംബന്ധിച്ച ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉടൻ ഉന്നതതല സമിതി രൂപീകരിക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയത്തിൽ പരിഹാരം കണ്ടെത്താനുള്ള എല്ലാ സാധ്യതകളും സമിതി പരിശോധിക്കുമെന്നാണ് അറിയിപ്പ്. മറ്റ് ആവശ്യങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായും ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരും. മൂന്ന് ദിവസത്തെ പണിമുടക്ക് ഉണ്ടാകുമെന്ന ആശങ്കയ്ക്കിടെയാണ് ചർച്ചയിലൂടെ സമരം മാറ്റിവയ്ക്കാനുള്ള ധാരണയായത്. ഇനി ഉന്നതതല സമിതിയുടെ പഠനവും തുടർചർച്ചകളും ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങളിൽ നിർണായകമാകും.












Feedback and suggestions