22, September, 2026
Updated on 22, September, 2026 0
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ വിചാരണനടപടികൾ തടഞ്ഞ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി ദില്ലി ദ്വാരകാ ജില്ലാ കോടതി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മുൻ ഉത്തരവ് നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി നടപടി. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് വലിയ തിരിച്ചടിയാകുന്നതാണ് ജില്ലാ കോടതിയുടെ നിർണ്ണായക തീരുമാനം.കേസിൽ ഇരുവിഭാഗത്തിന്റെയും വാദം വീണ്ടും കേട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാൻ മജിസ്ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 29-ലേക്ക് മാറ്റി.1983-ലാണ് സോണിയാ ഗാന്ധിക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. എന്നാൽ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപ്, 1980-ൽ വ്യാജരേഖകൾ ചമച്ച് ഡൽഹിയിലെ വോട്ടർപട്ടികയിൽ അനധികൃതമായി പേര് ഉൾപ്പെടുത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത്തരത്തിൽ വ്യാജ തെളിവുണ്ടാക്കി വോട്ടർപട്ടികയിൽ പേര് ചേർത്തത് ക്രിമിനൽ കുറ്റമാണെന്നും സോണിയാ ഗാന്ധിക്കെതിരെ വിചാരണനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വികാസ് ത്രിപാഠിയാണ് കോടതിയെ സമീപിച്ചത്.
നേരത്തെ ഈ ഹർജിയിൽ ക്രിമിനൽ വിചാരണനടപടികൾ ആരംഭിക്കുന്നത് മജിസ്ട്രേറ്റ് കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജില്ലാ കോടതിയുടെ ഇടപെടൽ. കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനർവാദം കേൾക്കണമെന്നും നിയമപരമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കോടതി വ്യക്തമാക്കി.