15, September, 2026
Updated on 15, September, 2026 3
യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 13 സിവിലിയന്മാർക്ക് പരിക്കേറ്റു. ഖമീസ് മുഷൈത്, അബഹ, താഇഫ് തുടങ്ങിയ തെക്കൻ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവർക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും സൗദി സഖ്യസേന വക്താവ് അറിയിച്ചു.
ആക്രമണത്തിൽ പ്രദേശത്തെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വീടുകളും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച സൗദി സഖ്യസേന, സ്വന്തം രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ജിദ്ദ, യാൻബു, താഇഫ്, അബഹ, ജാസാൻ, അൽ ഉല എന്നീ പ്രധാന നഗരങ്ങളിൽ സൗദി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകി. മുൻകരുതലിന്റെ ഭാഗമായി താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ തടയാൻ സൗദി വ്യോമസേനയും പ്രതിരോധ സേനകളും അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.