വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം


15, September, 2026
Updated on 15, September, 2026 2




യമനിലെ ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചതോടെ മക്കയും ജിദ്ദയും ഉൾപ്പെടെയുള്ള പ്രധാന സൗദി നഗരങ്ങളിൽ സിവിൽ ഡിഫൻസ് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകി. നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ടാണ് സുരക്ഷാ മുന്നറിയിപ്പുകൾ അയച്ചത്. പുണ്യനഗരമായ മക്കയിൽ ഇത്തരമൊരു സുരക്ഷാ മുന്നറിയിപ്പ് സന്ദേശം ആദ്യമായാണ് നൽകുന്നത് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ജിദ്ദ, താഇഫ്, യാൻബു, അബഹ തുടങ്ങിയ പ്രദേശങ്ങളിലും ആകാശമാർഗ്ഗമുള്ള ആക്രമണ ഭീഷണിയെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 


കഴിഞ്ഞ ദിവസം ഖമീസ് മുഷൈത്, അബഹ, താഇഫ് എന്നീ തെക്കൻ നഗരങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 13 സിവിലിയന്മാർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശുദ്ധ നഗരമായ മക്കയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്കും ആക്രമണ ഭീഷണി വ്യാപിപ്പിച്ചത്. ജാഗ്രതാ നിർദ്ദേശം ലഭിച്ചയുടൻ താമസക്കാർ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതമായി തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. എന്നാൽ മിനിറ്റുകൾക്കകം ഭീഷണി ഒഴിഞ്ഞുപോയതായി സൗദി സിവിൽ ഡിഫൻസ് ജനങ്ങളെ അറിയിക്കുകയും ചെയ്തു.


സിവിലിയിൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ നഗരങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ സൗദി സഖ്യസേന ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ജീവനും സംരക്ഷിക്കാൻ വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും വ്യോമാതിർത്തിയിൽ നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്.




Feedback and suggestions