ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം


14, September, 2026
Updated on 14, September, 2026 5



ആഗോള ചിപ്പ് നിർമ്മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് കരുത്തുപകർന്ന്, കഴിഞ്ഞ 1 യ വർഷത്തിനിടയിൽ രാജ്യത്തെ സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപം എത്തിയതായി റിപ്പോർട്ട്. ആകർഷകമായ സർക്കാർ ആനുകൂല്യങ്ങളും വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകതകളും ആഗോളതലത്തിലുള്ള സപ്ലൈ ചെയിൻ വൈവിധ്യവൽക്കരണവുമാണ് ഈ വലിയ നിക്ഷേപത്തിന് പ്രധാന കാരണം.


ലഭിച്ച നിക്ഷേപത്തിൽ 400 മില്യൺ ഡോളറിലധികം നേടിയത് ഫാബ്‌ലെസ് ചിപ്പ് ഡിസൈൻ സ്റ്റാർട്ടപ്പുകളാണ്. അതേസമയം, സർക്കാർ സബ്‌സിഡി പദ്ധതികളുടെ പിന്തുണയോടെ സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റിംഗ് (OSAT/ATMP) യൂണിറ്റുകളാണ് ഏറ്റവുകൂടുതൽ നിക്ഷേപം സ്വന്തമാക്കിയത്. ഇതിനുപുറമെ ഉയർന്ന ശുദ്ധിയുള്ള രാസവസ്തുക്കൾ, സ്പെഷ്യലൈസ്ഡ് ഗ്യാസ് നിർമ്മാണം, സിലിക്കൺ വേഫർ പ്രോസസ്സിംഗ് തുടങ്ങിയ അനുബന്ധ മേഖലകളിലേക്കും നിക്ഷേപം ഒഴുകിയെത്തിയിട്ടുണ്ട്.


10 ബില്യൺ ഡോളറിന്റെ ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ISM) കീഴിലുള്ള വ്യക്തമായ റോഡ്‌മാപ്പാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്. സെമികണ്ടക്ടർ ഫാബുകൾ സ്ഥാപിക്കുന്നതിന് 50 ശതമാനം വരെ സാമ്പത്തിക സഹായം നൽകുന്നതും സംസ്ഥാനതല സബ്‌സിഡികളും നിക്ഷേപകർക്ക് സഹായകരമായി. ടാറ്റാ ഇലക്ട്രോണിക്സ്, മുരുകപ്പ ഗ്രൂപ്പ്, സി.ജി പവർ തുടങ്ങിയ വൻകിട കമ്പനികൾ സംയുക്ത സംരംഭങ്ങളുമായി രംഗത്തിറങ്ങിയത് ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. എന്നാൽ ഫാബുകളുടെ സുഗമമായ പ്രവർത്തനത്തിന് ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി, ശുദ്ധജല വിതരണം, വിദഗ്ദ്ധരായ എൻജിനീയർമാർ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വ്യവസായ പ്രമുഖർ വ്യക്തമാക്കുന്നു.




Feedback and suggestions