12, September, 2026
Updated on 12, September, 2026 1
കാലാവധി തീരുന്നതിന് മുൻപ് ജോലി നഷ്ടമാകുന്ന വിദേശ വിദഗ്ധ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്തുന്നതിനായി അമേരിക്ക നൽകിയിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് (ഇളവ്) റദ്ദാക്കാൻ ഒരുങ്ങി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. നിലവിൽ എച്ച്1ബി അടക്കമുള്ള വിവിധ തരം വർക്ക് വീസകളിൽ അമേരിക്കയിൽ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി ജീവനക്കാരെ, പ്രത്യേകിച്ച് ഇന്ത്യൻ ഐടി പ്രവർത്തകരെ, ഗുരുതരമായി ബാധിക്കുന്ന ഭേദഗതിയുടെ കരട് ശുപാർശ പുറത്തിറങ്ങി. ഈ ഭേദഗതി നിയമമായി മാറിയാൽ ജോലി നഷ്ടപ്പെടുന്ന നിമിഷം തന്നെ ജീവനക്കാർക്ക് അമേരിക്ക വിടേണ്ടി വരും.എച്ച്1ബി കൂടാതെ ഇ1, ഇ2, ഇ3, എച്ച്1ബി1, എൽ1, ഒ1 എന്നീ തൊഴിൽ വീസ വിഭാഗങ്ങളിൽ ഉള്ളവർക്കാണ് നിലവിൽ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു കമ്പനിയിലേക്ക് മാറാനോ പുതിയ ജോലി കണ്ടെത്താനോ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നത്. ഈ ആനുകൂല്യമാണ് പൂർണ്ണമായും എടുത്തുകളയാൻ അമേരിക്ക പദ്ധതിയിടുന്നത്. നിലവിലെ സാമ്പത്തിക അന്തരീക്ഷത്തിലും ടെക് മേഖലയിലെ പിരിച്ചുവിടലുകൾക്കിടയിലും ഇത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന മലയാളി അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ ഭാവി തന്നെയാണ് ഈ തീരുമാനത്തോടെ അനിശ്ചിതത്വത്തിലാകുന്നത്. അമേരിക്കൻ സർക്കാർ പുറപ്പെടുവിച്ച പുതിയ ഭേദഗതി നിർദ്ദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനായി രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും നിർദ്ദേശം ഔദ്യോഗിക നിയമമായി പ്രാബല്യത്തിൽ വരിക.