12, September, 2026
Updated on 12, September, 2026 3
സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് ശാശ്വതമായ പരിഹാരം കാണാൻ സമഗ്രമായ പുതിയ എനർജി പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിലെ സ്ഥിതിഗതികൾ മറച്ചുവെക്കാതെയും ഉത്തരവാദിത്തം മറ്റാരുടെയും തലയിൽ കെട്ടിവെക്കാതെയും സർക്കാർ പൂർണമായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഗണ്യമായി ഉയർന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. നിലവിൽ രാജ്യത്ത് എവിടെ നിന്നും പെട്ടെന്ന് വൈദ്യുതി വാങ്ങാൻ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഇനി പരമ്പരാഗത ജലവൈദ്യുത പദ്ധതികളെ (ഹൈഡ്രൽ പവർ) മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും പുനരുപയോഗ ഊർജ മാർഗങ്ങളിലേക്ക് (നോൺ-കൺവെൻഷനൽ എനർജി) മാറുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പുതിയ വൈദ്യുതി നയത്തിൽ സൗരോർജത്തിന് പ്രധാന സ്ഥാനം നൽകും. എന്നാൽ ഇത്തരം പുനരുപയോഗ ഊർജ പദ്ധതികളെക്കുറിച്ച് പറയുമ്പോൾ കെ.എസ്.ഇ.ബിയിലെ ചിലർക്ക് ‘ചൊറിച്ചിൽ’ ആണെന്നും ഈ മനോഭാവത്തിൽ മാറ്റം വരണമെന്നും മുഖ്യമന്ത്രി വിമർശിച്ചു.സർക്കാരിനെ പ്രതിസന്ധിയിലാക്കാനും പ്രശ്നം വഷളാക്കാനുമായി ചില കേന്ദ്രങ്ങളിൽ അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ നേരിടുന്ന ഈ കഷ്ടപ്പാടിന് എത്രയും വേഗം പരിഹാരം കാണുന്നതിനാണ് മുൻഗണന. മറ്റ് എല്ലാ പ്രശ്നങ്ങളും ഇതിന് ശേഷമേ വരൂ എന്നും, കൃത്യമായ ആസൂത്രണത്തിലൂടെ വൈദ്യുതി മേഖലയെ കൂടുതൽ സുസ്ഥിരമാക്കാനുള്ള അടിയന്തര നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.