യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറിയതായി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ


9, September, 2026
Updated on 9, September, 2026 6



ഇസ്ലാമാബാദ് : മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. മുമ്പ് രണ്ട് രാജ്യങ്ങളുമായും നയതന്ത്ര ബന്ധം നിലനിർത്തിയിരുന്ന പാകിസ്ഥാൻ ഇപ്പോൾ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലാണ് ചെന്നെത്തിയിരിക്കുന്നത്. യുഎസ്-ഇറാൻ തർക്കത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ശ്രമിക്കുന്നത് തങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് പാകിസ്ഥാൻ ഭരണകൂടം പരസ്യമായി സമ്മതിച്ചു. മേഖലയിലെ യുദ്ധാന്തരീക്ഷം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും നയതന്ത്ര നിലപാടുകളെയും പ്രതികൂലമായി ബാധിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.


വാഷിംഗ്ടണിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങളെ ആശ്രയിക്കുന്ന അതേസമയം തന്നെ അയൽരാജ്യമായ ഇറാനുമായി അതിർത്തി പങ്കിടുന്നതാണ് പാകിസ്ഥാനെ വലിയ പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കയുടെ ഉപരോധ ഭീഷണിയും സൈനിക സമ്മർദ്ദവും ഒരുവശത്തും ഇറാന്റെ ആഭ്യന്തര സുരക്ഷാ ആശങ്കകൾ മറുവശത്തും നിൽക്കുമ്പോൾ ഇരുപാതകളിലും കൃത്യമായ നിലപാടെടുക്കാൻ പാകിസ്ഥാന് സാധിക്കുന്നില്ല. ഇറാന് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ സഖ്യകക്ഷികളുടെ സമ്മർദ്ദം പാകിസ്ഥാന് മേൽ ശക്തമായി തുടരുകയാണ്.


ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ നയതന്ത്ര മധ്യസ്ഥനായി പ്രവർത്തിക്കാൻ മുമ്പ് ശ്രമിച്ചിരുന്ന പാകിസ്ഥാൻ ഇപ്പോൾ സ്വന്തം സുരക്ഷയും സാമ്പത്തിക താല്പര്യങ്ങളും സംരക്ഷിക്കാനുള്ള കടുത്ത നെട്ടോട്ടത്തിലാണ്. സംഘർഷം കൂടുതൽ വ്യാപിച്ചാൽ തങ്ങളുടെ ആഭ്യന്തര വിപണിയിൽ വൻ വിലക്കയറ്റവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന ഭയത്തിലാണ് ഭരണകൂടം. നയതന്ത്ര തലത്തിൽ കടുത്ത സങ്കീർണ്ണതകൾ നേരിടുന്ന ഈ ഘട്ടത്തിൽ, വിദേശ നയങ്ങളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന വലിയ തിരിച്ചറിവിലാണ് പാകിസ്ഥാൻ ഇപ്പോൾ എത്തിനിൽക്കുന്നത്.




Feedback and suggestions