8, September, 2026
Updated on 8, September, 2026 4
വാഷിങ്‌ടൺ: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിലും അമേരിക്കയ്‌ക്കുള്ളിൽ ആക്രമണങ്ങൾ നടത്താൻ അൽ ഖ്വയ്ദ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ പ്രചോദനം നൽകുന്നതായി എഫ്.ബി.ഐ.യുടെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും ആളുകൾ വീടുകളിലിരുന്ന് തന്നെ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് ഭീഷണി കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമാക്കുന്നതായി എഫ്.ബി.ഐ. കോ-ഡെപ്യൂട്ടി ഡയറക്ടർ ക്രിസ് റയ പറഞ്ഞു.
2001-ൽ അൽ ഖ്വയ്ദ നടപ്പാക്കിയതുപോലുള്ള വലിയ ഭീകരാക്രമണങ്ങൾ തടയാൻ എഫ്.ബി.ഐ. ഇപ്പോൾ കൂടുതൽ സജ്ജമാണ്. നിയമനിർമാണങ്ങളിലെ മാറ്റങ്ങളും യു.എസ്. ഇന്റലിജൻസ് സംവിധാനത്തിന്റെ കാൽ നൂറ്റാണ്ടിലെ പുരോഗതിയും അന്വേഷണ ഏജൻസികളുടെ ശേഷി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അൽ ഖ്വയ്ദയും ഐ.എസും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റുന്നത് പുതിയ വെല്ലുവിളികൾ ഉയർത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയ്ക്കുള്ളിൽ ഒറ്റയ്‌ക്കോ ചെറിയ സംഘങ്ങളായോ ആക്രമണം നടത്താൻ ആളുകളെ സജ്ജരാക്കാനാണ് ഭീകരസംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ അൽ ഖ്വയ്ദയ്‌ക്കോ ഐ.എസിനോ വേണ്ടി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതിനും ഗൂഢാലോചനകൾക്ക് പിന്തുണ നൽകിയതിനും 16 പേരെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസിനും അൽ ഖ്വയ്ദയ്ക്കും വിദേശത്ത് ഇപ്പോഴും വലിയ അംഗബലമുണ്ടെന്നാണ് യു.എസ്. ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിലേക്ക് എത്തുന്നവരിൽ 9/11 ആക്രമണം ഇപ്പോഴും പ്രധാന പ്രചോദന ഘടകമാണ്. മൂന്നാഴ്ച മുമ്പ് ന്യൂയോർക്കിലെ ആൽബനി സ്വദേശിനി ജെസിക്ക ബോവിയെ സ്റ്റേറ്റ് ക്യാപിറ്റോൾ കെട്ടിടം ബോംബെറിഞ്ഞ് തകർക്കാൻ പദ്ധതിയിട്ട കേസിൽ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇവർ സോഷ്യൽ മീഡിയയിൽ 9/11 ആക്രമണത്തെ അനുകൂലിച്ചതായി അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് എഫ്.ബി.ഐ. ഇപ്പോഴും മുൻഗണന നൽകുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണ സാധ്യതയും ഏജൻസി നിരീക്ഷിക്കുന്നുണ്ട്. രാജ്യ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ക്രിസ് റയ ഓർമിപ്പിച്ചു. 9/11-ന് ശേഷം തുടക്കമിട്ട "കണ്ടാൽ പറയുക" (If You See Something, Say Something) എന്ന ബോധവൽക്കരണ സന്ദേശത്തിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.