സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ


6, September, 2026
Updated on 6, September, 2026 5



സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന പേയിംഗ് ഗസ്റ്റ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ കോളേജുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'ഹോസ്റ്റൽ ഡേസ്' എന്ന പുരുഷന്മാരുടെ പിജി കെട്ടിടമാണ് പൂർണ്ണമായും നിലംപതിച്ചത്. ഞായറാഴ്ചയായതിനാൽ അപകടസമയത്ത് അമ്പതോളം വിദ്യാർത്ഥികൾ മുറികളിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. തകർന്നുവീണ കോൺക്രീറ്റ് പാളികൾക്കടിയിൽ നിന്ന് ആളുകൾ നിലവിളിക്കുന്നതും സഹായത്തിനായി ഫോൺ വിളിക്കുന്നതും രക്ഷാപ്രവർത്തകർക്കിടയിൽ വലിയ ആശങ്ക പരത്തുന്നുണ്ട്.വിവരമറിഞ്ഞയുടൻ എൻഡിആർഎഫ്, ഡിഡിഎംഎ, പോലീസ്, അഗ്നിശമന സേന എന്നിവരുടെ സംയുക്ത സംഘം സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജെസിബി ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി വലിയൊരു ജനക്കൂട്ടവും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. സംഭവത്തിൽ അതീവ ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണെന്നും മുൻകരുതലിന്റെ ഭാഗമായി തൊട്ടടുത്തുള്ള കെട്ടിടങ്ങൾ ഒഴിപ്പിച്ചതായും അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കി മുഴുവൻ ആളുകളെയും എത്രയും വേഗം ജീവനോടെ പുറത്തെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ദുരന്തനിവാരണ സേന.












Feedback and suggestions