4, September, 2026
Updated on 4, September, 2026 6
രാജ്യത്തിന്റെ വർധിച്ചുവരുന്ന ബഹിരാകാശ ആവശ്യങ്ങൾ ഒറ്റയ്ക്ക് പൂർത്തിയാക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയില്ലെന്നും അതിനാൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ രാജ്യത്തിന് 56 ഉപഗ്രഹങ്ങൾ മാത്രമാണുള്ളതെന്നും എന്നാൽ കൂടുതൽ സേവനങ്ങൾക്കായി നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ ആവശ്യം ഭാവിയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎസ്എൽവി-എഫ്17 റോക്കറ്റിൽ ഇഒഎസ്-05 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബഹിരാകാശ പരിഷ്കാരങ്ങൾ സ്വകാര്യ കമ്പനികളുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നും ഐഎസ്ആർഒ ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും നാരായണൻ പറഞ്ഞു. ബഹിരാകാശ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും പങ്കാളിത്തവും ഉണ്ടാകുന്നത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് വലിയ കരുത്തേകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ ഐഎസ്ആർഒയുടെ പ്രധാന ദൗത്യങ്ങൾ സമയബന്ധിതമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് നിർമ്മിക്കുന്ന പുതിയ സ്പേസ്പോർട്ടിന്റെ പണികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും വരും വർഷം മാർച്ചോടെ ഇത് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാന്റെ ഭാഗമായുള്ള ആദ്യ മനുഷ്യരഹിത വിക്ഷേപണം ഈ വർഷം തന്നെ നടക്കുമെന്നും വി. നാരായണൻ വ്യക്തമാക്കി.