4, September, 2026
Updated on 4, September, 2026 5
യൂറോപ്യൻ വിപണിയിലേക്കുള്ള ചൈനീസ് ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തിലും ബീജിംഗിനോടുള്ള യൂറോപ്പിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ആശ്രിതത്വത്തിലും തുറന്ന കുറ്റസമ്മതവുമായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. ചൈനീസ് വിപണി അധിനിവേശത്തിന്റെ അപകടങ്ങളെക്കുറിച്ച് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് നേരത്തെ തന്നെ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ അന്ന് തങ്ങൾ അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ന്യൂഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന പരാമർശങ്ങൾ. വിദേശ ഉൽപന്നങ്ങളുടെ അമിതമായ ഇറക്കുമതിയിലൂടെ യൂറോപ്പിലെ തദ്ദേശീയ വ്യവസായങ്ങൾ തകരുകയും, മറ്റ് രാജ്യങ്ങൾക്ക് മേൽക്കോയ്മ സ്ഥാപിക്കാൻ പാകത്തിൽ ഒരു സാമ്പത്തിക ആശ്രിതത്വം രൂപപ്പെടുകയും ചെയ്തതോടെ യൂറോപ്പിന് കടുത്ത തിരിച്ചറിവാണ് അടുത്തകാലത്തുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ തങ്ങളുടെ വിപണിയിലേക്ക് തള്ളിക്കയറ്റിയപ്പോൾ വളരെക്കാലം യൂറോപ്പ് അത് വെറുതെ നോക്കിനിൽക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് യൂറോപ്പിന്റെ വ്യാവസായിക അടിത്തറയെ തകർക്കാനും തങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു സാമ്പത്തിക ആയുധമായി മാറാനും ഇടയാക്കിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചൈനയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, സാമ്പത്തിക മേധാവിത്വം ദുരുപയോഗം ചെയ്ത് യൂറോപ്പിനെതിരായി ഈ സാഹചര്യം മുതലെടുത്തത് ഏത് രാജ്യമാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാമെന്നും ബാർട്ട് ഡി വെവർ ആഞ്ഞടിച്ചു. വിപണി സുരക്ഷയിലും തന്ത്രപ്രധാന വ്യാപാര നയങ്ങളിലും ഇന്ത്യയുടെ ദീർഘവീക്ഷണത്തെയും ശക്തമായ നിലപാടുകളെയും പൂർണ്ണമായി ശരിവെക്കുന്നതായിരുന്നു ബെൽജിയൻ പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ.