കാനഡയുമായുള്ള വ്യാപാര പോരില്‍ ട്രംപിന് റിപ്പബ്ലിക്കന്‍സിന്റെ പൂര്‍ണപിന്തുണ: ചര്‍ച്ചകള്‍ സ്തംഭിച്ചത് കനേഡിയന്‍ നിലപാട് മൂലമെന്നു വിമര്‍ശനം


3, September, 2026
Updated on 3, September, 2026 4


വാഷിംഗടണ്‍: കാനഡയുമായുള്ള തീരുവപ്പോരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരസ്യ പിന്തുണയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍. വ്യാപാര ചര്‍ച്ചകളില്‍ നിന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ സര്‍ക്കാര്‍ പിന്മാറിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ആരോപണം. കാപിറ്റോള്‍ ഹില്ലില്‍ യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിരവധി റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ ട്രംപിന്റെ വ്യാപാര തന്ത്രത്തെ പിന്തുണച്ചത്.


ട്രംപിന്റെ താരിഫ് നയത്തിന്റെ ചുമതലയുള്ള ഗ്രീറുമായി ബുധനാഴ്ച റിപ്പബ്ലിക്കന്‍ ഹൗസ് അംഗങ്ങള്‍ കാപിറ്റോള്‍ ഹില്ലില്‍ അടച്ചിട്ട മുറിയില്‍ യോഗം നടത്തി. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ചെലവേറിയ താരിഫ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നത് തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കുണ്ടെങ്കിലും, ഗ്രീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഭൂരിഭാഗം പേരും ട്രംപിന്റെ വ്യാപാര നയത്തിന് പിന്തുണ അറിയിച്ചു.


അമേരിക്കയിലേക്ക് നിര്‍മാണ തൊഴിലുകള്‍ തിരിച്ചുകൊണ്ടുവരുന്നതില്‍ ട്രംപ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ടെക്‌സസ് റിപ്പബ്ലിക്കന്‍ അംഗം ഓഗസ്റ്റ് ഫ്‌ലൂഗര്‍ പറഞ്ഞു. വ്യാപാര യുദ്ധത്തിന്റെ ഉത്തരവാദിത്തം കാനഡയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു. കാനഡയാണ് ഈ യുദ്ധം തുടരുന്നത്. കാനഡക്കാര്‍ യുക്തിസഹമായ നിലപാട് സ്വീകരിക്കണം. ഏറെക്കാലമായി അവര്‍ അമേരിക്കയെ മുതലെടുക്കുകയാണെന്നും ഫ്‌ലൂഗര്‍ കുറ്റപ്പെടുത്തി.


അഞ്ച് തവണ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫ്‌ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ബ്രയാന്‍ മാസ്റ്റും വ്യാപാര ചര്‍ച്ചകള്‍ തകരാനുള്ള ഉത്തരവാദിത്തം കാനഡയ്ക്കാണെന്ന് ആരോപിച്ചു. ലോകത്തില്‍ മറ്റാരേക്കാളും കൂടുതല്‍ അനുകൂലമായ കരാര്‍ കാനഡയ്ക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവര്‍ അത് നിരസിച്ചുവെന്നാണ് മാസ്റ്റിന്റെ വാദം. എന്നാല്‍ യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ കാനഡയുമായുള്ള ചര്‍ച്ചകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.


അതേസമയം, കാനഡ വ്യാപാര രംഗത്ത് ദീര്‍ഘകാലമായി അമേരിക്കയെ മുതലെടുത്തുവെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈറ്റ് ഹൗസില്‍ ട്രംപ് വ്യക്തമാക്കി. യുഎസ് ബാങ്കുകള്‍ക്ക് കാനഡയില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് കാനഡക്കെതിരായ തന്റെ പ്രധാന പരാതികളിലൊന്നെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാനഡയുമായുള്ള വ്യാപാര ബന്ധത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരസ്യ പിന്തുണ.




Feedback and suggestions