ഇറാൻ സംഘർഷം അമേരിക്കൻ സൂപ്പർ പവറിനെ തളർത്തുന്നതിന്റെ അണിയറക്കഥകൾ


31, August, 2026
Updated on 31, August, 2026 1


യുദ്ധത്തിന്റെ രക്തക്കറകൾ ലോകത്തിന് മുന്നിൽ ദൃശ്യമാകുമ്പോൾ, അണിയറയിൽ അമേരിക്കൻ സൂപ്പർ പവറിന്റെ അടിത്തറ തന്നെ ആടിയുലയുകയാണോ? ബോംബ് വർഷങ്ങളുടെയും മിസൈൽ പാച്ചിലുകളുടെയും മുകളിൽ പടുത്തുയർത്തിയ യുഎസ് സൈനിക ഭൂപടം ഇറാനുമായുള്ള ഈ ദീർഘകാല പോരാട്ടത്തിൽ അകത്തുനിന്ന് അഴുകിത്തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ശത്രുവിനെ തകർക്കാൻ ഇറങ്ങിയ സാമ്രാജ്യത്വത്തിന്റെ സ്വന്തം സൈനിക മേധാവികൾ പോലും ‘ഇനി എത്രകാലം?’ എന്ന് നെഞ്ചിടറിക്കൊണ്ട് ചോദിച്ചുതുടങ്ങിയിരിക്കുകയാണ്, ഇറാനെതിരെ പടവെട്ടുമ്പോൾ അമേരിക്ക സ്വന്തം കുഴി തോണ്ടുകയാണോ എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ് ചരിത്രം ഇപ്പോൾ അമേരിക്കയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നത്.


ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്ത വിവരങ്ങൾ പ്രകാരം, അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് സമർപ്പിച്ച വിലയിരുത്തലിലാണ് മുതിർന്ന സൈനിക കമാൻഡർമാർ ദീർഘകാല ഇറാൻ ദൗത്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഏറ്റവും പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ്, ഓഗസ്റ്റ് 14-ലെ സെക്രട്ടറി ഓഫ് ഡിഫെൻസ് ഓർഡർസ് ബുക്ക് അഥവാ എസ്ഡിഓബിലാണ് ഈ വിലയിരുത്തൽ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. മധ്യപൂർവേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം തുടർച്ചയായി വർധിപ്പിക്കുന്നത് സൈനികരുടെ ലഭ്യതയെയും ഉപകരണങ്ങളെയും യുദ്ധസജ്ജതയെയും ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.


സാധാരണയായി മാസത്തിൽ രണ്ടുതവണ തയ്യാറാക്കുന്ന എസ്ഡിഓബി അമേരിക്കൻ സൈന്യത്തിന്റെ ആഗോള വിന്യാസത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, സൈനികർ, ആയുധ സംവിധാനങ്ങൾ എന്നിവയുടെ ലഭ്യതയും വിന്യാസവും സംബന്ധിച്ച വിവരങ്ങൾ ഇതിൽ പരിഗണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, ഒരു മേഖലയിൽ സൈനികരെ കൂടുതൽ കാലത്തേക്ക് നിലനിർത്താനുള്ള തീരുമാനം മറ്റൊരു മേഖലയിൽ അമേരിക്കയുടെ പ്രതികരണശേഷിയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താൻ ഈ രേഖകൾ നിർണായകമാണ്.


വിലയിരുത്തൽ തയ്യാറാക്കിയ സമയത്ത് ഇറാൻ സംഘർഷം ഇതിനകം തന്നെ അമേരിക്കൻ സൈന്യത്തിന് വലിയ സമ്മർദ്ദം സൃഷ്ടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും സംഘർഷം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കണമെന്നും പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതേസമയം, അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ കീഴിൽ മധ്യപൂർവേഷ്യയിൽ 50,000-ത്തിലധികം സൈനികർ ജാഗ്രതയിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.


പ്രശ്നം അവിടെ അവസാനിച്ചില്ല. ഇറാനെതിരായ സൈനിക നടപടി കൂടുതൽ നീളാനുള്ള സാധ്യതയും അമേരിക്കൻ ഭരണകൂടം തുറന്നുവച്ചിരുന്നു. ഓഗസ്റ്റ് 14-ലെ ഉത്തരവുകൾ പ്രകാരം മധ്യപൂർവേഷ്യയിലെ ചില സൈനിക വിന്യാസങ്ങൾ സെപ്റ്റംബർ വരെയും ചിലത് 2027 വരെയും തുടരാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നു. ഇതാണ് മുതിർന്ന സൈനിക കമാൻഡർമാരിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചത്. അവർ ഉത്തരവുകൾ നടപ്പാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയെങ്കിലും, വിന്യാസങ്ങൾ ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങളുടെ എതിർപ്പും അപകടസാധ്യതകളും രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു.


യൂറോപ്യൻ കമാൻഡ്, പസഫിക് കമാൻഡ്, സതേൺ കമാൻഡ് എന്നിവയുടെ കമാൻഡർമാരും നാവികസേനയിലെ ഉന്നത നേതൃത്വവും വിന്യാസ വിപുലീകരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ അർത്ഥം വളരെ പ്രധാനപ്പെട്ടതാണ്. ഇറാനെ നേരിടാൻ കൂടുതൽ കപ്പലുകളും വിമാനങ്ങളും സൈനികരും മധ്യപൂർവേഷ്യയിലേക്ക് മാറ്റുമ്പോൾ, യൂറോപ്പിലും ഇൻഡോ-പസഫിക് മേഖലയിലും ലാറ്റിൻ അമേരിക്കയിലും അമേരിക്ക നേരിടുന്ന മറ്റ് സുരക്ഷാ വെല്ലുവിളികൾക്ക് മറുപടി നൽകാൻ ശേഷിക്കുന്ന ശക്തി കുറയുന്നു.


അമേരിക്കൻ സൈനിക ആസൂത്രണത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇതുതന്നെ. ലോകത്തിന്റെ ഒരേയൊരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈന്യമല്ല അമേരിക്കയ്ക്കുള്ളത്. യൂറോപ്പിൽ റഷ്യയെ നിരീക്ഷിക്കണം, ഇൻഡോ-പസഫിക്കിൽ ചൈനയെ നേരിടാനുള്ള സജ്ജീകരണം നിലനിർത്തണം, അതേസമയം മധ്യപൂർവേഷ്യയിൽ ഇറാനെതിരായ പ്രവർത്തനങ്ങൾ തുടരുകയും വേണം. ഒരേ സമയം ഇത്രയും തിയേറ്ററുകളിൽ സൈനിക ശക്തി നിലനിർത്തേണ്ടിവരുമ്പോൾ, ഒരു മേഖലയിലെ നീണ്ടുനിൽക്കുന്ന യുദ്ധം മറ്റിടങ്ങളിലെ തയ്യാറെടുപ്പിനെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.


ഇതിനിടെയാണ് ചില കപ്പലുകളുടെയും ജീവനക്കാരുടെയും വിന്യാസം മാസങ്ങളോളം നീട്ടേണ്ടിവന്നത്. നാവികസേനയുടെ നേതൃത്വത്തിന് മുന്നിലുള്ള പ്രധാന പ്രശ്നം വിന്യാസത്തിന് വ്യക്തമായ അവസാന തീയതി ഇല്ലെന്നതാണ്. ഒരു കപ്പലും അതിലെ ജീവനക്കാരും മാസങ്ങളോളം വിദേശ ദൗത്യത്തിൽ തുടരുമ്പോൾ, അറ്റകുറ്റപ്പണികൾക്കും പരിശീലനത്തിനും അടുത്ത ദൗത്യത്തിനുള്ള തയ്യാറെടുപ്പിനും ലഭിക്കുന്ന സമയം കുറയുന്നു.


നാവിക ഓപ്പറേഷൻസ് മേധാവി അഡ്മിറൽ ഡാരിൽ കോഡിൽ ഇതുസംബന്ധിച്ച് പ്രതിരോധ സെക്രട്ടറിയോട് ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ട്. നാവികസേനയുടെ ഡിസ്ട്രോയർ കപ്പലിന്റെ ഏകദേശം നാലിലൊന്ന് മാത്രമേ ഏതുസമയത്തും വിന്യാസത്തിന് തയ്യാറായിട്ടുള്ളൂ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. ഇറാൻ സംഘർഷം തുടരുന്നതിനൊപ്പം ഈ ശേഷി കൂടുതൽ സമ്മർദ്ദത്തിലാകുമെന്നതാണ് ആശങ്ക.


നോർഫോക്കിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ വിന്യാസ കാലാവധി നീട്ടുന്നത് നാവികർക്ക് വലിയ വെല്ലുവിളിയാണെന്ന് കോഡിൽ വ്യക്തമാക്കിയിരുന്നു. ദീർഘകാല വിന്യാസം സൈനികരുടെ കുടുംബജീവിതത്തെയും പരിശീലനത്തെയും മാത്രമല്ല, കപ്പലുകളുടെ സാങ്കേതിക അറ്റകുറ്റപ്പണികളെയും ബാധിക്കുന്നു. ഒരു കപ്പൽ നിരന്തരം യുദ്ധമേഖലയിൽ തുടരുമ്പോൾ, അടുത്ത സംഘർഷത്തിന് അതിനെ വീണ്ടും സജ്ജമാക്കാൻ ആവശ്യമായ സമയം കുറയുന്നു.


ഈ പ്രശ്നം നാവികസേനയിൽ മാത്രം ഒതുങ്ങുന്നില്ല. യൂറോപ്യൻ, സതേൺ കമാൻഡുകളുടെ നേതൃത്വവും സെൻട്രൽ കമാൻഡിന് കപ്പലുകളും നിരീക്ഷണ വിമാനങ്ങളും നൽകുന്നത് തങ്ങളുടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ശേഷിയെ ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. അതായത് ഇറാനെതിരായ ഒരു ദീർഘകാല സൈനിക നടപടി മധ്യപൂർവേഷ്യയിൽ മാത്രം പ്രത്യാഘാതം സൃഷ്ടിക്കുന്നതല്ല, അമേരിക്കയുടെ ആഗോള സൈനിക വിന്യാസത്തെ തന്നെ ബാധിക്കുന്നതാണ്.


പസഫിക് കമാൻഡിന്റെ മേധാവി അഡ്മിറൽ സാമുവൽ പാപ്പാരോയും തന്റെ കമാൻഡിൽ നിന്ന് തുടർച്ചയായി സൈനിക വിഭവങ്ങൾ മാറ്റിവയ്ക്കേണ്ടിവരുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. ഒരു വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് ഗ്രൂപ്പും ഡിസ്ട്രോയറുകളും ഉൾപ്പെടെയുള്ള ശക്തി മധ്യപൂർവേഷ്യയിലേക്ക് തുടർച്ചയായി മാറ്റേണ്ടിവരുന്നത് ഇൻഡോ-പസഫിക്കിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ ബാധിക്കുമെന്നതാണ് ഇതിന്റെ പിന്നിലെ പ്രധാന ആശങ്ക.


ഇതിനൊപ്പം ആയുധശേഖരത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്. പട്രിയറ്റ് , താഡ് ഇന്റർസെപ്റ്ററുകൾ, ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ തുടങ്ങിയ സംവിധാനങ്ങളുടെ ലഭ്യതയിൽ സമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മധ്യപൂർവേഷ്യയിലെ ദീർഘകാല യുദ്ധപ്രവർത്തനങ്ങൾ അമേരിക്കയുടെ ആയുധശേഖരത്തെ എത്രത്തോളം ബാധിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പൊതുവിൽ ലഭ്യമല്ലെങ്കിലും, ഇത്തരത്തിലുള്ള ആയുധങ്ങൾ വേഗത്തിൽ പുനർനിർമ്മിക്കാൻ കഴിയുന്നവയല്ല എന്നത് തന്ത്രപരമായ ആശങ്ക വർധിപ്പിക്കുന്നു.മറ്റൊരു ചോദ്യത്തിനും ലോകം കാത്തിരിക്കുകയാണ്അമേരിക്കയ്ക്ക് ഒരേസമയം എത്ര മുന്നണികൾ താങ്ങാനാകും?






Feedback and suggestions