പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി


30, August, 2026
Updated on 30, August, 2026 4


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ തേടിപ്പോയ 22 ലക്ഷത്തിലധികം വരുന്ന പ്രവാസി തൊഴിലാളികളെ തിരികെ സ്വന്തം നാട്ടിലെത്തിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ വിപുലമായ പ്രത്യേക പദ്ധതി ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ 'വിക്ഷിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) - VB–G RAM G' പ്രകാരം വർഷത്തിൽ ചുരുങ്ങിയത് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.


വികസനത്തിലേക്ക് കുതിക്കുന്ന ബംഗാളിലേക്ക് മടങ്ങിയെത്താൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ തൊഴിലാളികളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. പഞ്ചായത്ത് ഗ്രാമവികസന വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലും പ്രവാസി തൊഴിലാളി കുടുംബങ്ങൾക്ക് 'ഗ്രാമീൺ റോസ്ഗർ ഗ്യാരന്റി കാർഡ്' (ജിആർജിസി) വേഗത്തിൽ വിതരണം ചെയ്യാനും അർഹരായ മുഴുവൻ ആളുകളെയും പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.


തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്താകെ കണ്ടെത്തിയ 22,24,060 പ്രവാസി തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ മൂർഷിദാബാദ് (3.86 ലക്ഷം), മാൾഡ (2.86 ലക്ഷം), പശ്ചിം മേദിനിപൂർ (1.68 ലക്ഷം), നദീയ (1.61 ലക്ഷം), പുർബ മേദിനിപൂർ (1.57 ലക്ഷം) എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്.


ബംഗാളിലേക്ക് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിലെ തൊഴിൽ-വാണിജ്യ മേഖലകളിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കും. കേരളത്തിലെ പ്ലാനിംഗ് ബോർഡ് കണക്കുകൾ പ്രകാരം 30 ലക്ഷത്തിലധികവും അനൗദ്യോഗിക കണക്കുകൾ പ്രകാരം 40 ലക്ഷത്തിലധികവുമുള്ള ഇതരസംസ്ഥാന തൊഴിലാളികളിൽ പകുതിയോളം പേരും ബംഗാൾ സ്വദേശികളാണ്. ഇവർ വൻതോതിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയാൽ കേരളത്തിലെ നിർമ്മാണ മേഖല, ഹോട്ടൽ-റെസ്റ്റോറന്റ് വ്യവസായം, ഫാക്ടറികൾ എന്നിവ കടുത്ത തൊഴിലാളിക്ഷാമം നേരിടേണ്ടിവരും. കൂടാതെ, കേരളത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ഏകദേശം 20,000 കോടി രൂപ ഇവർ ഇവിടുത്തെ വിപണിയിൽ തന്നെ ചെലവഴിക്കുന്നതിനാൽ, ഇവരുടെ കൊഴിഞ്ഞുപോക്ക് പ്രാദേശിക വിപണിയെയും വ്യാപാര ചലനങ്ങളെയും കാര്യമായി ബാധിക്കും.


ബിജെപി ഭരണത്തിന് കീഴിൽ വ്യാവസായിക മുന്നേറ്റം സാധ്യമാക്കാൻ കേന്ദ്രവുമായി ചേർന്ന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അമുലിന്റെ ഐസ്ക്രീം പ്ലാന്റ് ഉൾപ്പെടെയുള്ള പുതിയ നിക്ഷേപങ്ങളും അടഞ്ഞുകിടന്ന 12 തേയിലത്തോട്ടങ്ങളുടെ പുനരാരംഭവും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് 125 ദിവസത്തെ തൊഴിലിനൊപ്പം കേന്ദ്രത്തിന്റെ സൗജന്യ റേഷനും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്നും, ഒരു കുടുംബത്തിനും ഇനി ഉപജീവനത്തിനായി നാടുവിടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ബംഗാൾ സർക്കാർ ഉറപ്പുനൽകുന്നു.




Feedback and suggestions