അവിശ്വസനീയം, അപൂർവ രക്ഷാപ്രവർത്തനം..! 97-ാം വയസ്സിലും അതിജീവനം; നേപ്പാൾ പ്രളയത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ വയോധികയെ ജീവനോടെ രക്ഷപ്പെടുത്തി


30, August, 2026
Updated on 30, August, 2026 3


കാഠ്മണ്ഡു: നേപ്പാളിലെ പ്രളയവും മണ്ണിടിച്ചിലും കനത്ത നാശം വിതച്ചുകൊണ്ടിരിക്കെ, രക്ഷാപ്രവർത്തനത്തിനിടെ 97-കാരിയെ ജീവനോടെ പുറത്തെടുത്തു. മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന ഗുണ മായ ബോഹാരയെയാണ് നേപ്പാൾ പൊലീസും സൈന്യവും ചേർന്ന് നടത്തിയ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തിയത്. പ്രളയത്തിൽ ഇതുവരെ 675 പേർ മരിക്കുകയും 2,500 പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ രക്ഷപ്പെടുത്തൽ.


പ്രളയജലവും മണ്ണിടിച്ചിലും നാശംവരുത്തിയ കെയർ ഹോമിന്റെ അവശിഷ്ടങ്ങൾക്കടിയിലായിരുന്നു ബോഹാര കുടുങ്ങിയത്. ഇവരെ കണ്ടെത്തിയതോടെ നേപ്പാൾ പൊലീസും സൈന്യവും ചേർന്ന് നാല് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തി. സൂക്ഷ്മമായി അവശിഷ്ടങ്ങൾ നീക്കിയ ശേഷമാണ് ബോഹാരയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. പിന്നീട് എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി പുറത്തെടുത്തു. ചെളിയിൽ പൊതിഞ്ഞ നിലയിൽ എക്‌സ്‌കവേറ്റർ ബക്കറ്റിലിരിക്കുന്ന ബോഹാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോഹാരയ്ക്ക് എങ്ങനെയാണ് ഇത്രയും സമയം അവശിഷ്ടങ്ങൾക്കടിയിൽ അതിജീവിക്കാനായതെന്ന് വിശദീകരിക്കാനായിട്ടില്ല. അതേസമയം, നേപ്പാളിലെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണും അവശിഷ്ടങ്ങളും തകർന്ന അടിസ്ഥാന സൗകര്യങ്ങളും നീക്കി കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘങ്ങൾ. 2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വിലയിരുത്തിയത്.


ദുരന്തത്തിന്റെ ആഘാതം കൈലാസ് തീർഥാടകരെയും ബാധിച്ചിട്ടുണ്ട്. ടിബറ്റിലെ മൗണ്ട് കൈലാസ് തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഹിന്ദു തീർഥാടകരും പ്രളയത്തിൽ കുടുങ്ങി. 56 പേരടങ്ങിയ സംഘത്തോടൊപ്പം യാത്ര ചെയ്ത ശിവരഞ്ജനി മുത്തുനാഥൻ പെട്ടെന്ന് വെള്ളവും അവശിഷ്ടങ്ങളും കുത്തിയെത്തുന്നത് കണ്ടെന്നും തുടർന്ന് സംഘം ഉയർന്ന പ്രദേശത്തേക്ക് ഓടിക്കയറിയെന്നും പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ 97-കാരിയെ ജീവനോടെ കണ്ടെത്തിയ സംഭവം നേപ്പാൾ ദുരന്തമേഖലയിൽ പ്രതീക്ഷ നൽകുന്ന അപൂർവ രക്ഷാപ്രവർത്തനമായി മാറുകയാണ്.




Feedback and suggestions