ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്


29, August, 2026
Updated on 29, August, 2026 34



ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിലൂടെ വെനസ്വേലയിലെ 65 ബില്യൺ ബാരലിലധികം വരുന്ന എണ്ണ നിക്ഷേപത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും അമേരിക്ക സ്വന്തമാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക വിവരം പുറത്തുവിട്ടത്. യുഎസ് നികുതിദായകർക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും, ഈ കരാർ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കാൻ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ചേർന്ന് നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഈ കരാർ യാഥാർത്ഥ്യമായത്.


അമേരിക്കൻ വിദേശനയത്തിന്റെ വൻ വിജയമാണിതെന്നും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കാൻ കരാർ സഹായിക്കുമെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. വെനസ്വേലൻ ജനതയ്ക്ക് ഏകദേശം 100 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപവും ആയിരക്കണക്കിന് ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങളും സാമ്പത്തിക പുനരുജ്ജീവനവും കൊണ്ടുവരാൻ ഈ കരാർ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള യുദ്ധം കാരണം യുഎസിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും മിഡ്‌ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ വമ്പൻ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.


ലോകത്തിലെ ആകെ എണ്ണ ശേഖരത്തിന്റെ ഏകദേശം 17 ശതമാനത്തോളം (ഏകദേശം 303 ബില്യൺ ബാരൽ) ഭൂഗർഭ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. മറ്റ് രാജ്യങ്ങളെപ്പോലെ പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തേണ്ടതില്ലാത്ത വിധം വിപുലമായ നിക്ഷേപങ്ങൾ ഇവിടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തകർന്നടിഞ്ഞ പശ്ചാത്തല സൗകര്യങ്ങൾ കാരണം ആഗോള എണ്ണ ഉത്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇതുവരെ വെനസ്വേലയ്ക്ക് വിപണിയിലെത്തിക്കാൻ കഴിഞ്ഞിരുന്നത്. ഈ പ്രതിസന്ധി പരിഹരിച്ച് വൻതോതിൽ ഉത്പാദനം വർദ്ധിപ്പിക്കാനാണ് പുതിയ യുഎസ് കരാറിലൂടെ ലക്ഷ്യമിടുന്നത്.




Feedback and suggestions