ASHA Workers Protest: ആശാ വർക്കേഴ്സിന് നാളെ നിർബന്ധിത ട്രയിനിംഗ്; ഉത്തരവിറക്കി എൻഎച്ച്എം; സഹകരിക്കില്ലെന്ന് സമരസമിതി

ASHA Workers Protest
18, June, 2025
Updated on 18, June, 2025 23

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 45 ദിവസമായി നടത്തിവരുന്ന രാപ്പകൽ സമരയാത്ര നാളെ മഹാറാലിയായി സമാപിക്കാൻ ഇരിക്കെയാണ് സർക്കാരിൻ്റെ പുതിയ നീക്കം.

ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും നിർബന്ധിത ട്രയിനിംഗുമായി സർക്കാർ. നാളെ ഉച്ചവരെ രണ്ട് ബാച്ചുകളായി തിരിഞ്ഞ് ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കി. സമരയാത്രയുടെ സമാപന മഹാറാലി പൊളിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് സമരക്കാർ അറിയിച്ചു.

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 45 ദിവസമായി നടത്തിവരുന്ന രാപ്പകൽ സമരയാത്ര നാളെ മഹാറാലിയായി സമാപിക്കാൻ ഇരിക്കെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. ഇന്ന് ഇറക്കിയ ഉത്തരവ് പ്രകാരം നാളെ എല്ലാ ആശമാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം.10.30 മുതൽ 12. 30 വരെ രണ്ട് ബാച്ചായി തിരിഞ്ഞ് എല്ലാ ജില്ലകളിലെയും ആശമാർ പരിശീലനത്തിൽ പങ്കെടുക്കണം. സ്വന്തം ലോഗിൻ ഐഡി ഉപയോഗിച്ച് ഓൺലൈനായിട്ടാണ് പരിശീലനത്തിൽ പങ്കെടുക്കേണ്ടത്.

നിർബന്ധിത ട്രെയിനിങ്ങിന് ഓർഡർ ഇറങ്ങിയത് സമരത്തെ തകർക്കാൻ ആണെന്ന് ആശാ സമരസമിതി നേതാവ് എംഎ. ബിന്ദു ട്വന്റി ഫോറിനോട് പറഞ്ഞു. ജനാധിപത്യപരമായാണ് മുന്നോട്ടുപോകുന്നത്.നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനും ആണ് നാളത്തെ ട്രെയിനിങ്. അതിനെ മുഖവിലയ്ക്കെടുക്കാതെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ബിന്ദു വ്യക്തമാക്കി.

KAHWA ജൂൺ 5 ന് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർക്ക് നോട്ടീസ് നൽകിയിരുന്നു. നേരത്തെ സമരക്കാർ സെക്രട്ടേറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ അത് പൊളിക്കാൻ പാലിയേറ്റീവ് പരിശീലനം നാഷണൽ ഹെൽത്ത് മിഷൻ നിശ്ചയിച്ചിരുന്നു.




Feedback and suggestions