20, August, 2026
Updated on 20, August, 2026 3
വാഷിങ്‌ടൺ: വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ ദശലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് നിർമിക്കുന്ന പുതിയ ഹെലിപാഡിന്റെ നിർമാണസ്ഥലത്തെ കല്ലിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രാനൈറ്റിൽ നിർമിക്കുന്ന ഹെലിപാഡിൽ അമേരിക്കൻ ദേശീയമുദ്രയും പതിപ്പിക്കും. മാധ്യമപ്രവർത്തകർക്കൊപ്പമെത്തിയാണ് ട്രംപ് നിർമാണപ്പുരോഗതി വിലയിരുത്തിയത്.
ആറു മില്യൺ ഡോളർ (ഏകദേശം 50 കോടിയോളം രൂപ) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ തുക മുഴുവൻ മറൈൻ വൺ ഹെലികോപ്റ്ററുകളുടെ നിർമാതാക്കളായ 'സികോർസ്കി' വഹിക്കുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. താനുൾപ്പെടെയുള്ളവരുടെ സംഭാവനകളും ഇതിനായുണ്ടെന്ന് ബുധനാഴ്ചയും അദ്ദേഹം ആവർത്തിച്ചു. സികോർസ്കിയുടെ മാതൃകമ്പനിയായ ലോക്ഹീഡ് മാർട്ടിൻ, നാഷണൽ പാർക്ക് സർവീസിനാണ് തങ്ങളുടെ വിഹിതം നൽകിയതെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിയുടെ യഥാർഥ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും ഭാവിയിൽ സാമ്പത്തികബാധ്യത നികുതിദായകരുടെ തലയിലാകുമോ എന്നതിലും ആശങ്ക ഉയരുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ ഏത് ഹെലികോപ്റ്ററിനും ഇറങ്ങാൻ തക്കവിധമാണ് ഹെലിപാഡിന്റെ നിർമാണം. വിദേശ രാഷ്ട്രത്തലവന്മാരുടെ സന്ദർശനവേളയിലും പുതിയ ബോൾ റൂമിലെ ചടങ്ങുകളിലുമെല്ലാം സ്വീകരണവേദിയായി ഇതനുയോജ്യമാകും. പുതിയ മറൈൻ വൺ ഹെലികോപ്റ്ററുകൾ ഇറങ്ങുമ്പോൾ സൗത്ത് ലോണിലെ പുല്ലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് ലാൻഡിങ് പ്ലാറ്റ്‌ഫോം നിർമിക്കുന്നത്.സെപ്റ്റംബർ 24-ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് നിർമാണം വേഗത്തിലാക്കുന്നത്. അതേസമയം, ഹെലിപാഡിന്റെ ഉയരം കൂട്ടണമെന്ന ട്രംപിന്റെ നിർദേശത്തെത്തുടർന്ന് നിർമാണം ഒരാഴ്ചയോളം വൈകിയതായും റിപ്പോർട്ടുണ്ട്.