Industries Department also opposes Aranmula IT park
17, June, 2025
Updated on 17, June, 2025 22
![]() |
തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളത്തിന് പരിഗണിച്ച സ്ഥലത്ത് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്. കെ.ജി.എസ് ഗ്രൂപ്പാണ് 344 ഏക്കറില്‍ വരുന്ന ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയുമായി രംഗത്തു വന്നിട്ടുള്ളത്.
നിലംനികത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്. ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിക്ക് ആവശ്യമായ 344 ഏക്കറില്‍ 90 ശതമാനവും നിലമാണ്. അതുകൊണ്ട് തണ്ണീര്‍ത്തടത്തിന്റെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000 കോടി മുതല്‍ മുടക്കും 10000 തൊഴിലവസരം സൃഷ്ടിക്കുന്നതുമായ പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിട്ടുണ്ട്.
ഭൂമിയില്ലാത്ത പദ്ധതികളെന്നും തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് വേണ്ടി വയല്‍ ഭൂമി നിയമപരമായി തരം മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് വ്യവസായ വകുപ്പിന്റെ സമീപനം. എന്നാല്‍ നേരത്തെ തന്നെ തരംമാറ്റലിന് അനുമതി നിഷേധിച്ച ആറന്മുള ഭൂമിയില്‍ നിയമപരമായ തരം മാറ്റല്‍ സാധ്യമാകുമോയെന്ന് വകുപ്പിന് സംശയമുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഇന്നലെത്തെ തീരുമാനം സംശയം ശരി വെക്കുന്നുമുണ്ട്.