ട്രംപിന്റെ പരാമർശം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതി ചൂണ്ടിക്കാട്ടി; അമേരിക്കയിൽ വോട്ടർ ഐ.ഡി. നിർബന്ധമാക്കാൻ നീക്കം


19, August, 2026
Updated on 19, August, 2026 5


വാഷിങ്‌ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ വോട്ടർ ഐ.ഡി. നിർബന്ധമാക്കണമെന്ന ആവശ്യത്തിന് പിന്തുണ തേടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടി.

പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കാനും വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിർബന്ധമാക്കാനും ആവശ്യപ്പെടുന്ന സേഫ്‌ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി (SAVE) ആക്ട് പാസാക്കണമെന്ന ആവശ്യമാണ് ട്രംപ് വീണ്ടും മുന്നോട്ടുവെച്ചത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് അദ്ദേഹം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ചത്.

> "സാധുവായ ഫോട്ടോ ഐ.ഡി.യില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്?" എന്ന് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തോട് ചോദിച്ചതായി ട്രംപ് കുറിച്ചു. തിരഞ്ഞെടുപ്പ് തട്ടിപ്പുകൾ തടയാൻ അമേരിക്കയിലെ എല്ലാ വോട്ടർമാർക്കും ഫോട്ടോ ഐ.ഡി. നിർബന്ധമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വോട്ട് ഉപയോഗിച്ചതെന്നും ബാക്കിയെല്ലാവർക്കും ഫോട്ടോ തിരിച്ചറിയൽ രേഖ നിർബന്ധമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. 64.6 കോടി പേർ വോട്ട് രേഖപ്പെടുത്തിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോറും പിന്തുണച്ചു.

എന്താണ് 'സേവ് അമേരിക്ക ആക്ട്'?

അമേരിക്കൻ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് രജിസ്റ്റർ ചെയ്യുന്നതിന് പൗരത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ഈ ബിൽ നിർദ്ദേശിക്കുന്നു.

 * തപാൽ വോട്ടിന് നിയന്ത്രണം: രോഗം, വൈകല്യം, സൈനിക സേവനം, യാത്ര തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായി തപാൽ വോട്ടുകൾ പരിമിതപ്പെടുത്തും.

 * വോട്ടർ പട്ടിക ശുദ്ധീകരണം: പൗരന്മാരല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും.

 * പൗരന്മാർക്ക് മാത്രം വോട്ടവകാശം: അമേരിക്കൻ തിരഞ്ഞെടുപ്പിൽ പൗരന്മാർക്ക് മാത്രം പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇന്ത്യയിലും ബ്രസീലിലും വോട്ടർ ഐ.ഡി. ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ അമേരിക്കയിൽ പൗരത്വം സ്വയം പ്രഖ്യാപിക്കുന്ന രീതിയാണെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. ജനുവരി 29-ന് അവതരിപ്പിച്ച ബില്ലിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ യു.എസ്. കോൺഗ്രസിൽ ബില്ലിന്മേൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.




Feedback and suggestions