യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി 'വ്യൂ' ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം


18, August, 2026
Updated on 18, August, 2026 3



യൂട്യൂബിൽ വീഡിയോകൾക്ക് 'വ്യൂ' കണക്കാക്കുന്ന രീതിയിൽ സമഗ്രമായ മാറ്റം വരുത്താൻ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് തീരുമാനിച്ചു. പുതിയ മാറ്റമനുസരിച്ച്, ആഗസ്റ്റ് 24 മുതൽ ഒരു വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങുന്ന നിമിഷം മുതൽ, അതായത് ആദ്യ ഫ്രെയിം മുതൽ തന്നെ അതൊരു വ്യൂ ആയി കണക്കാക്കും. ലോങ്-ഫോം വീഡിയോകൾ, ഷോർട്‌സുകൾ ഉൾപ്പെടെ എല്ലാ ഫോർമാറ്റുകളിലും ആഗോളതലത്തിൽ ഈ മാറ്റം ബാധകമായിരിക്കും. ഷോർട്‌സുകൾക്കായി കഴിഞ്ഞ വർഷം അവതരിപ്പിച്ച വ്യൂ-കൗണ്ടിംഗ് രീതി ലോങ്-ഫോം വീഡിയോകളിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിലൂടെ യൂട്യൂബ് ചെയ്യുന്നത്. വ്യത്യസ്ത ഫോർമാറ്റുകളിലെ വ്യൂ കൗണ്ടിംഗ് രീതികൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും ക്രിയേറ്റർമാർക്ക് തങ്ങളുടെ ഉള്ളടക്കത്തിന്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാനും വേണ്ടിയാണ് ഈ പരിഷ്കാരം.


മുൻപ് ഒരു നിശ്ചിത സമയം വീഡിയോ കണ്ടതിനുശേഷം മാത്രമേ വ്യൂ ആയി രേഖപ്പെടുത്തിയിരുന്നുള്ളൂ എങ്കിൽ, പുതിയ സംവിധാനത്തിൽ പ്ലേബാക്ക് ആരംഭിക്കുന്ന നിമിഷം തന്നെ വ്യൂസ് കൗണ്ട് ചെയ്യപ്പെടും. ഇതിലൂടെ ക്രിയേറ്റർമാരുടെ വീഡിയോകളിലെ മൊത്തം വ്യൂസ് അതിവേഗം ഉയരാൻ സാധ്യതയുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി. ബ്രാൻഡുകളുമായും സ്പോൺസർമാരുമായും സഹകരിക്കുമ്പോൾ തങ്ങളുടെ റീച്ചും പ്രേക്ഷക പിന്തുണയും വ്യക്തമായി ബോധ്യപ്പെടുത്താൻ ഈ പുതിയ രീതി ക്രിയേറ്റർമാർക്ക് വലിയ സഹായകരമാകും. യൂട്യൂബിൽ വ്യൂസ് പ്രദർശിപ്പിക്കുന്ന എല്ലാ ഭാഗങ്ങളിലും ആഗസ്റ്റ് 24 മുതൽ ഈ പുതിയ മാറ്റം പ്രതിഫലിക്കും.


അതേസമയം, വീഡിയോകളുടെ വ്യൂ കൗണ്ടിൽ വലിയ വർദ്ധനവുണ്ടാകുമെങ്കിലും ഈ മാറ്റം ക്രിയേറ്റർമാരുടെ വരുമാനത്തെയോ മോണിറ്റൈസേഷനെയോ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ (YPP) യോഗ്യതാ മാനദണ്ഡങ്ങളെയോ യാതൊരു വിധത്തിലും ബാധിക്കില്ല. വരുമാനവും മോണിറ്റൈസേഷനും ഇപ്പോഴുള്ളതുപോലെ വീഡിയോകൾ ആളുകൾ എത്രത്തോളം കണ്ടു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക. നിലവിലുള്ള വ്യൂ രീതി യൂട്യൂബ് അനലിറ്റിക്സിന്റെ അഡ്വാൻസ്ഡ് മോഡിൽ “എൻഗേജ്ഡ് വ്യൂസ്” എന്ന പുതിയ പേരിൽ നിലനിർത്തും. ഇത് വഴി ആളുകൾ വീഡിയോ എത്രത്തോളം ആഴത്തിൽ കണ്ടുവെന്ന് ക്രിയേറ്റർമാർക്ക് കൃത്യമായി വിലയിരുത്താൻ സാധിക്കും.


മോണിറ്റൈസേഷൻ ആവശ്യങ്ങൾക്കായി “എൻഗേജ്ഡ് ഷോർട്സ് വ്യൂസ്”, “എൻഗേജ്ഡ് വാച്ച് അവേഴ്സ്” എന്നിവ തന്നെയായിരിക്കും തുടർന്നും അടിസ്ഥാനമാക്കുക. കൂടാതെ, ചില യോഗ്യതാ മാനദണ്ഡങ്ങളുടെ പേരുകളിലും യൂട്യൂബ് മാറ്റം വരുത്തിയിട്ടുണ്ട്. “വാലിഡ് പബ്ലിക് ഷോർട്സ് വ്യൂസ്” ഇനിമുതൽ “ക്വാളിഫൈഡ് ഷോർട്സ് വ്യൂസ്” എന്നും, “വാലിഡ് പബ്ലിക് വാച്ച് അവേഴ്സ്” എന്നത് “ക്വാളിഫൈഡ് വാച്ച് അവേഴ്സ്” എന്നും അറിയപ്പെടും. ഒറ്റനോട്ടത്തിൽ വലിയ വ്യൂസ് കാണിക്കുമെങ്കിലും ക്രിയേറ്റർമാരുടെ യഥാർത്ഥ വരുമാനത്തിൽ മാറ്റമില്ലാതെ പ്ലാറ്റ്‌ഫോമിലുടനീളം ഏകീകൃത വ്യൂ മാനദണ്ഡം കൊണ്ടുവരികയാണ് യൂട്യൂബിന്റെ പ്രധാന ലക്ഷ്യം.




Feedback and suggestions