11, August, 2026
Updated on 11, August, 2026 5
വാഷിംഗ്ടൺ: കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന സൈനിക നടപടികളിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് യു.എസിൽ നിന്ന് 300 ബില്യൺ ഡോളർ (ഏകദേശം 25 ലക്ഷം കോടി രൂപ) യുദ്ധ നഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക തള്ളി. തങ്ങളുടെ മരവിപ്പിച്ച 100 ബില്യൺ ഡോളർ ഫണ്ടുകൾ വിട്ടുനൽകുന്നതിനൊപ്പം ഈ തുക കൂടി നൽകിയാൽ മാത്രമേ അന്താരാഷ്ട്ര നാവികപാതയായ 'സ്ട്രെയിറ്റ് ഓഫ് ഹോർമുസ്' പൂർണ്ണമായി തുറക്കൂ എന്നായിരുന്നു ഇറാന്റെ ഉപാധി.എന്നാൽ, ട്രൂത്ത് സോഷ്യലിലൂടെ കടുത്ത ഭാഷയിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നിർദ്ദേശത്തോട് പ്രതികരിച്ചത്.ട്രംപിന്റെ പ്രധാന പ്രതികരണങ്ങൾ:പൈസ നൽകില്ല: യു.എസ് സൈനിക നടപടികൾ മൂലം ഇറാന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക ഒരു പൈസ പോലും നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി.ഇറാനാണ് നൽകേണ്ടത്: ഇറാൻ പിന്തുണച്ച ഭീകരാക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെയും യു.എസ്.എസ് കോൾ (USS Cole) ആക്രമണത്തിലെ ഇരകളുടെയും കുടുംബങ്ങൾക്ക് ഇറാനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് അദ്ദേഹം തിരിച്ചടിച്ചു.സ്വന്തം പൗരന്മാർക്ക് നഷ്ടപരിഹാരം: കഴിഞ്ഞ 50 വർഷത്തിനിടെ ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരായ ഇറാനി പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും ഭരണകൂടം നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ചർച്ചകളിൽ തിരിച്ചടിയും: വരാനിരിക്കുന്ന എല്ലാ സമാധാന ചർച്ചകളിലും ഇറാനോട് തിരികെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ യു.എസ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.ഇരു രാജ്യങ്ങളും നിലപാടുകൾ കടുപ്പിച്ചതോടെ പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ശ്രമങ്ങളും അന്താരാഷ്ട്ര എണ്ണക്കപ്പൽ ഗതാഗതവും വൻ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് ഒരു യുദ്ധക്കളമായി തുടരുമെന്നാണ് ഇറാന്റെ വിപ്ലവ ഗാർഡുകളുടെ മുന്നറിയിപ്പ്.