കൊളംബിയയിൽ ശക്തമായ ഭൂചലനം

തീവ്രത 7.4; വൻ നാശനഷ്ടം, ജനങ്ങളെ ഒഴിപ്പിച്ചു
10, August, 2026
Updated on 10, August, 2026 7



​ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയെയും പടിഞ്ഞാറൻ മേഖലകളെയും വിറപ്പിച്ച് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭീകര പ്രകമ്പനത്തെ തുടർന്ന് വിവിധ നഗരങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

​യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൂട്ടൽ പ്രകാരം ബൊഗോട്ടയിൽനിന്ന് 280 കിലോമീറ്റർ പടിഞ്ഞാറുള്ള ചോക്കോ ഡിപ്പാർട്ട്‌മെന്റിലെ സാൻ ജോസ് ഡെൽ പാൽമറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 107 കിലോമീറ്റർ ആഴത്തിൽ പ്രാദേശിക സമയം രാവിലെ 7:34-നായിരുന്നു (മിയാമി സമയം രാവിലെ 8:34) പ്രകമ്പനമുണ്ടായത്.

​രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ കാലിയിൽ കെട്ടിടാവശിഷ്ടങ്ങൾ പതിച്ച് നിരവധി വാഹനങ്ങൾ തകർന്നു. വടക്കുപടിഞ്ഞാറൻ ചോക്കോ മേഖലയുടെ തലസ്ഥാനമായ ക്വിബ്ഡോയിൽ നിരവധിയേറെ പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് ഗുരുതര നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി ഗവർണർ നുബിയ കരോലിന കോർഡോബ കുരി സ്ഥിരീകരിച്ചു. ശക്തമായ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശവാസികളും അധികൃതരും കടുത്ത ജാഗ്രതയിലാണ്.




Feedback and suggestions