അമേരിക്കക്ക് മുന്നിൽ പുതിയ നിബന്ധനകൾ വെച്ച് ഇറാൻ


9, August, 2026
Updated on 9, August, 2026 3


ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് അമേരിക്കക്ക് മുന്നിൽ പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ. അമേരിക്ക ഇറാനെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. മരവിപ്പിച്ച ഇറാൻ്റെ ആസ്തികൾ വിട്ടുനൽകുകയും സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുകയും വേണമെന്നുമാണ് ഇറാന്റെ ആവശ്യം.


ഇറാന്റെ പരമോന്നത ദേശീയ രക്ഷാ കൗൺസിലിന്റെ സെക്രട്ടറിയായ മുഹമ്മദ് ബാഗർ സോൾഗാദർ ആണ് നിബന്ധനകൾ മുന്നോട്ടുവച്ചത്. ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾ അമേരിക്ക അംഗീകരിക്കാത്ത പക്ഷം ഹോർമുസ് തുറക്കില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ് ചിയും വ്യക്തമാക്കി. ഹോർമുസിൽ കപ്പലുകൾക്ക് ടോൾ ഈടാക്കില്ലെന്ന് ഇറാൻ ഭരണകൂടത്തിലെ ഒരു വിഭാഗം പറഞ്ഞതായി അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് പറഞ്ഞു.


വാണിജ്യ കപ്പലുകളെ ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പു നൽകണമെന്ന് ജെ ഡി വാൻസ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിൽ ഭിന്നത തുടരുന്നുവെന്നും വാൻസ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ ഉടൻ കരാറിലെത്തുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ ഒരു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.




Feedback and suggestions