Unknown body found near Arthungal Harbor
17, June, 2025
Updated on 17, June, 2025 22
![]() |
ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വാന്‍ഹായ് കപ്പലില്‍ നിന്ന് കാണാതായ വിദേശ പൗരന്റെ മൃതദേഹമാണോ എന്ന് സംശയം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒരു വിദേശ പൗരന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
‘വാന്‍ഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കള്‍ ഇന്നലെ മുതല്‍ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങി. ആലപ്പുഴയില്‍ വാതകം നിറയ്ക്കുന്ന ടാങ്കറും സേഫ്റ്റി ബോട്ടും കരയിലെത്തി. എറണാകുളം ചെല്ലാനത്ത് തീരത്തടിഞ്ഞ വീപ്പ വാന്‍ഹായ് കപ്പലിലേത് അല്ലെന്ന് സ്ഥിരീകരിച്ചു.
ജെസിബിയുടേയും ക്രെയിനുകളുടെയും സഹായത്തോടെ ടാങ്കര്‍ കടലില്‍ നിന്ന് തീരത്തേക്ക് നീക്കിയിരുന്നു. വിദഗ്ദ സംഘം ടാങ്കറില്‍ പരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പു വരുത്തി. ആലപ്പുഴ പറവൂര്‍ തീരത്ത് വാന്‍ ഹായി കപ്പലിലെ സേഫ്റ്റി ബോട്ടും കരയിലടിഞ്ഞിരുന്നു. നാളെയും ആലപ്പുഴ, എറണാകുളം, കൊല്ലം തീരങ്ങളില്‍ കപ്പലിലെ വസ്തുക്കള്‍ എത്തിയേക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതോടെ തീരദേശ മേഖലകളില്‍ ജാഗ്രത തുടരുകയാണ്.