ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നടിയാതെ പൊങ്ങിക്കിടക്കുന്ന സ്‌പേസ് എക്സിന്റെ കൂറ്റൻ സ്റ്റാർഷിപ്പ് ഉപഗ്രഹ ചിത്രങ്ങളിൽ; സമുദ്രത്തിലെ വിസ്മയം


4, August, 2026
Updated on 4, August, 2026 19


ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണങ്ങളിൽ ഒന്നിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ലോകത്തെ ഇപ്പോൾ അമ്പരപ്പിക്കുന്നത്. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഏറ്റവും പുതിയ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ വിക്ഷേപണത്തിനു ശേഷമുള്ള കടലിലെ കിടപ്പ് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ പുറത്തുവന്നത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തകർന്നു തരിപ്പണമാകുമെന്ന് കരുതിയ 170 അടിയിലേറെ നീളമുള്ള ആ ബഹിരാകാശ വാഹനം, പരീക്ഷണ പറക്കലിനൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി പൊങ്ങിക്കിടക്കുന്ന അത്ഭുത കാഴ്ചയാണ് ഉപഗ്രഹ ചിത്രങ്ങൾ ഒപ്പിയെടുത്തത്.


ടെക്സസിലെ സ്റ്റാർബേസിൽ നിന്നും നടത്തിയ 13-ാമത് പരീക്ഷണ പറക്കലിലാണ് സ്റ്റാർഷിപ്പിന്റെ മൂന്നാം തലമുറ മാതൃക ചരിത്രം കുറിച്ചത്. സബ്‌ഓർബിറ്റൽ പാതയിലൂടെ സഞ്ചരിച്ച റോക്കറ്റ്, ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ വന്നിറങ്ങുകയായിരുന്നു. മുൻകാല പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് ചരിത്രത്തിലെ ഏറ്റവും ലഘുവായ ലാൻഡിംഗ് അഥവാ ‘സോഫ്റ്റ് സ്പ്ലാഷ്ഡൗൺ’ ആയിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും എത്രയോ ഭംഗിയായാണ് റോക്കറ്റിന്റെ മുകൾ ഭാഗം ജലത്തിൽ വന്നിറങ്ങിയത്.


എന്നാൽ ലാൻഡിംഗിന്റെ ഭംഗിയേക്കാൾ ശാസ്ത്രലോകത്തെയും ബഹിരാകാശ പ്രേമികളെയും ഒരുപോലെ അമ്പരപ്പിച്ചത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ കൂറ്റൻ റോക്കറ്റ് സമുദ്രത്തിൽ മുങ്ങിപ്പോകാതെ യാതൊരു തകർച്ചയുമില്ലാതെ അങ്ങനെ തന്നെ നിലനിൽക്കുന്നു എന്ന വസ്തുതയാണ്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തോട് അടുത്തുള്ള കടലിൽ സ്റ്റാർഷിപ്പ് ഒരു അന്തർവാഹിനിയെയോ തിമിംഗലത്തെയോ പോലെ പകുതി വെള്ളത്തിന് മുകളിലായി പൊങ്ങിക്കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് നടക്കുന്നത്.ഇത്രയും വലിയൊരു റോക്കറ്റ് ഭീകരമായ വേഗതയിൽ അന്തരീക്ഷം താണ്ടി കടലിൽ പതിച്ചിട്ടും അത്ഭുതകരമാംവിധം കേടുപാടുകൾ കൂടാതെ അവശേഷിക്കുന്നത് സ്പേസ് എക്സ് എൻജിനീയറിങ് മികവിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ടഗ് ബോട്ടുകളുടെയും മറ്റ് റിക്കവറി യാനങ്ങളുടെയും സഹായത്തോടെ ഈ ഭീമൻ പേടകത്തെ കരയിലേക്ക് സുരക്ഷിതമായി വലിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ സ്പേസ് എക്സ് സംഘം. സാറ്റലൈറ്റ് ചിത്രങ്ങളും ബൂയ് ക്യാമറകളും നൽകുന്ന തത്സമയ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ ദൗത്യം പുരോഗമിക്കുന്നത്.


ഈ ചരിത്രപരമായ പരീക്ഷണ പറക്കലിൽ കേവലം ലാൻഡിംഗ് മാത്രമല്ല, മറ്റ് നിരവധി സുപ്രധാന നാഴികക്കല്ലുകളും സ്പേസ് എക്സ് പിടിച്ചെടുത്തിരുന്നു. വിക്ഷേപണ വേളയിൽ അടുത്ത തലമുറയിലുള്ള 20 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാനും ഈ റോക്കറ്റിന് സാധിച്ചു. ബഹിരാകാശത്ത് വെച്ച് റാപ്റ്റർ എഞ്ചിൻ വിജയകരമായി റീ-സ്റ്റാർട്ട് ചെയ്യാനും, പുതിയ രൂപകൽപ്പനയിലുള്ള ഹീറ്റ് ഷീൽഡിന്റെ ഡാറ്റ ശേഖരിക്കാനും ഈ ദൗത്യം കമ്പനിയെ ഏറെ സഹായിച്ചു.നാസയുടെ അടുത്ത ചന്ദ്ര ദൗത്യമായ ആർട്ടെമിസ് പദ്ധതികളിൽ ലൂണാർ ലാൻഡിംഗ് സിസ്റ്റമായി മാറേണ്ടത് ഈ സ്റ്റാർഷിപ്പാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഓരോ പരീക്ഷണ വിജയവും അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് വളരെ നിർണായകമാണ്. ചന്ദ്രനിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഓരോന്നായി നീക്കം ചെയ്യുന്ന സ്പേസ് എക്സിന്റെ ഈ മുന്നേറ്റം ബഹിരാകാശ യാത്രകളുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്നതാണ്.


സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാകുന്നതുപോലെ, കറുത്ത കരിവാരിത്തേർത്ത പാടുകളോടെ സമുദ്ര പരപ്പിൽ ശാന്തമായി കിടക്കുന്ന ഈ ലോഹക്കാഴ്ച സയൻസ് ഫിക്ഷൻ സിനിമകളെ വെല്ലുന്നതാണ്. ഇത്രയും ഭാരമേറിയ ഒരു റോക്കറ്റ് ഘടകം കടലിൽ ഇറങ്ങിയിട്ടും വീണ്ടും പുനരുപയോഗിക്കാൻ പാകത്തിൽ സുരക്ഷിതമായിരിക്കുക എന്നത് ബഹിരാകാശ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഭാവിയിൽ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ഉള്ള മനുഷ്യന്റെ യാത്രകളെ ഇത് കൂടുതൽ യാഥാർത്ഥ്യത്തോട് അടുപ്പിക്കുന്നു.


ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം രചിച്ച ഈ സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. എലോൺ മക്സും സംഘവും സ്വപ്നം കാണുന്ന വേഗത്തിലുള്ള പുനരുപയോഗ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ വിജയരേഖയായാണ് ഈ ഇന്ത്യൻ മഹാസമുദ്രത്തിലെ ദൃശ്യങ്ങൾ മാറുന്നത്. ശാസ്ത്ര ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ദൗത്യം ഭാവിയിലെ ബഹിരാകാശ വിപ്ലവങ്ങൾക്ക് അടിത്തറയിടും എന്നതിൽ സംശയമില്ല.




Feedback and suggestions