ബഹിരാകാശ വിസ്മയങ്ങൾ; ഭൂമിയിലല്ല, അന്യഗ്രഹങ്ങളിലും നടക്കുന്നു വൻപ്രളയങ്ങൾ!


4, August, 2026
Updated on 4, August, 2026 1


പ്രളയത്തെക്കുറിച്ച് ഓർക്കുമ്പോൾ കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുന്ന ദൃശ്യമാണ് സാധാരണ നമ്മുടെ മനസ്സിൽ വരിക. ദ്രവരൂപത്തിലുള്ള ജലം കൊണ്ട് ഇത്തരമൊരു പ്രതിഭാസം നാം നേരിട്ട് നിരീക്ഷിച്ചിട്ടുള്ള ഒരേയൊരു ഗ്രഹം നിലവിൽ ഭൂമിയാണ്. എന്നാൽ വളരെ വ്യത്യസ്തമായ രീതികളിൽ പ്രകൃതി, പ്രളയസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച ഇടങ്ങൾ സൗരയൂഥത്തിലുടനീളമുണ്ടെന്ന് പുതിയ ജ്യോതിശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു.


സൗരയൂഥത്തിൽ കട്ടിയുള്ള അന്തരീക്ഷവും ഉപരിതലത്തിൽ സ്ഥിരമായി ദ്രാവകങ്ങളുമുള്ള ഒരേയൊരു ഉപഗ്രഹം ശനിയുടെ ചന്ദ്രനായ ടൈറ്റനാണ്. എന്നാൽ ഇവിടെ ജലത്തിനു പകരം ഉള്ളത് മീഥെയ്നും ഈഥെയ്‌നുമാണ്. ടൈറ്റനിലെ അതിശൈത്യമായ താപനില ഏകദേശം -179 ഡിഗ്രി സെൽഷ്യസ് ആയതിനാൽ, ജലം അവിടെ കല്ലുപോലെ ഉറച്ച മഞ്ഞായിട്ടാണ് നിലനിൽക്കുന്നത്. ഭൂമിയിൽ ജലം എങ്ങനെയാണോ പെരുമാറുന്നത്, അതുപോലെയാണ് ടൈറ്റനിൽ മീഥെയ്ന്റെ പ്രവർത്തനരീതി.


മീഥെയ്ൻ ബാഷ്പീകരിച്ച് മേഘങ്ങളായി രൂപം കൊള്ളുകയും പിന്നീട് ശക്തമായ മഴയായി പെയ്യുകയും നദികളിലും തടാകങ്ങളിലും നിറയുകയും ചെയ്യുന്നു. ഒരൊറ്റ മീഥെയ്ൻ കൊടുങ്കാറ്റിന് മിന്നൽ പ്രളയങ്ങൾ സൃഷ്ടിക്കാനും അതുവഴി ടൈറ്റന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിക്കാനും വേണ്ടത്ര മഴ നൽകാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഭൂമിക്ക് പുറത്തുള്ള ഒരു ലോകത്തെ അത്ഭുതകരമായ ജലചക്രത്തെയാണ് നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നത്.



കോടിക്കണക്കിന് വർഷങ്ങൾക്കുമുൻപ് ചൊവ്വ ഇന്നത്തേതിൽ നിന്ന് വളരെ വ്യത്യസ്തവും ജലസമൃദ്ധവുമായിരുന്നു. അവിടെ ഒഴുകുന്ന വെള്ളവും നദികളും തടാകങ്ങളും ഒരുപക്ഷേ ഒരു വിശാലമായ സമുദ്രം പോലും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ, ചൊവ്വയുടെ ഭൂഗർഭത്തിലെ ഭീമാകാരമായ ജലസംഭരണികൾ ഉപരിതലത്തിലേക്ക് പൊട്ടിത്തെറിക്കുകയുണ്ടായി. ഇവ സാധാരണ പ്രളയങ്ങളായിരുന്നില്ല, മറിച്ച് സൗരയൂഥത്തിൽ ഇതുവരെ അറിയപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയങ്ങളായിരുന്നു അവ. എന്നാൽ ഇന്ന് ചൊവ്വ തണുത്തുറഞ്ഞ് തികച്ചും വരണ്ട ഒരു ലോകമായി മാറിക്കഴിഞ്ഞു.


മറ്റൊരു ഉപഗ്രഹമായ യൂറോപ്പയുടെ ഉപരിതലം കട്ടിയുള്ള മഞ്ഞുപാളികളാൽ മൂടപ്പെട്ടിരിക്കുകയാണ്. എങ്കിലും അതിനടിയിൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലെയും വെള്ളത്തെക്കാൾ കൂടുതൽ ജലമുണ്ടാകാനിടയുള്ള ഒരു ആഗോള സമുദ്രമുണ്ട്. ജ്യോതിശാസ്ത്രജ്ഞർ ഇതിനോടകം ആയിരക്കണക്കിന് സൗരയൂഥേതര പുറംഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ചിലതിന് സമുദ്രങ്ങളും മഴയും നദികളും ഭൂമിക്ക് സമാനമായ ഋതുക്കളും ഉണ്ടാകാം എന്നതിനാൽ അവിടെയും പ്രളയങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.


ഈ ലോകങ്ങൾ വളരെ അകലെയായതിനാൽ അവയിലെ കാലാവസ്ഥയെ നേരിട്ട് നിരീക്ഷിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും അകലെയുള്ള ഗ്രഹങ്ങളിൽ മഴയും കൊടുങ്കാറ്റും നദികൾ കരകവിഞ്ഞൊഴുകലും പ്രളയവും ഉണ്ടാകുന്നുണ്ടോയെന്ന് ഭാവിയിലെ അത്യാധുനിക ദൂരദർശിനികൾക്ക് വെളിപ്പെടുത്താൻ കഴിഞ്ഞേക്കും. എന്നാൽ മറ്റൊരു കൗതുകകരമായ കാര്യം, ഭൂമിയിൽ തന്നെ നാമൊരിക്കലും വിചാരിക്കാത്ത ചിലയിടങ്ങളിലും പ്രളയമുണ്ടാകാറുണ്ട് എന്നതാണ്. അവിടങ്ങളാണ് നമ്മുടെ ഭൂമിയിലെ മരുഭൂമികൾ.



മരുഭൂമികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരിക്കലും മഴയൊന്നും പെയ്യാത്ത ജലസാന്നിധ്യമില്ലാത്ത മേഖലകളെന്നാണു നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ ഫ്‌ളാഷ് ഫ്‌ളഡ് എന്നറിയപ്പെടുന്ന മിന്നൽപ്രളയങ്ങൾ മരുഭൂമികളിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. ഊഷര മരുഭൂമികളിൽ പെട്ടെന്നുണ്ടാകുന്ന പെരുമഴയോ, ഇടതടവില്ലാതെ പെയ്യുന്ന മഴകളോ അല്ലെങ്കിൽ ചുഴലിക്കാറ്റും മറ്റും മൂലമുണ്ടാകുന്ന മഴയോ ഇത്തരം മിന്നൽപ്രളയങ്ങൾക്ക് കാരണമാകാറുണ്ട്. ഗോബി മരുഭൂമി പോലുള്ള ശീതമരുഭൂമികളിൽ മഞ്ഞുരുകുന്ന പ്രതിഭാസവും മിന്നൽപ്രളയങ്ങൾക്ക് വഴിയൊരുക്കാറുണ്ട്.


വളരെ വരണ്ട മണ്ണും ചെളിയുടെ അംശം കൂടിയ മണ്ണും ജലത്തെ ആഗിരണം ചെയ്‌തെടുക്കുന്നതിൽ പിന്നാക്കം പോകാറുണ്ട്. ധാരാളം ജലം ആഗിരണം ചെയ്ത ശേഷം ഒരു പരിധിയിലെത്തിയ മണ്ണും ആഗിരണത്തിൽ പിന്നോട്ടുപോകും. മരുഭൂമികളിൽ വരണ്ട മണ്ണ് ആഗിരണം ചെയ്യുന്നതിൽ വരുത്തുന്ന താമസമാണ് പ്രളയത്തിന് പ്രധാന കാരണമാകുന്നത്. ലോകത്തെ ഏറ്റവും വരണ്ട മേഖലകളിലൊന്നായ ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലും മഴ പെയ്യുന്നത് വളരെ അപൂർവമായാണെങ്കിലും, അവിടെയും പെട്ടെന്നുണ്ടാകുന്ന മഴകൾ മിന്നൽപ്രളയങ്ങൾ സൃഷ്ടിക്കാറുണ്ട്.




Feedback and suggestions