4, August, 2026
Updated on 4, August, 2026 47
ഇറാനുമേലുള്ള കടുത്ത സൈനിക നീക്കങ്ങൾക്കിടയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ് രംഗത്ത്. ഇറാൻറെ അഭ്യർത്ഥന പ്രകാരവും സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയും തങ്ങൾ തമ്മിൽ ഇപ്പോൾ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ അമേരിക്കയുമായി നേരിട്ട് യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും ഇറാൻ ശക്തമായി നിഷേധിച്ചു.ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒരു കരാറിൽ ഒപ്പിടാനുള്ള ഇറാനിയൻ സർക്കാരിന്റെ ഏറ്റവും അവസാനത്തെ അവസരമാണിതെന്നും. അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നാം ഘട്ടത്തിൽ ചർച്ച ചെയ്യുന്നതെന്നും, രണ്ടാം ഘട്ടത്തിൽ ഇറാന്റെ ആണവ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘേയി പൂർണ്ണമായും തള്ളിക്കളഞ്ഞു. അമേരിക്കയുമായി യാതൊരു ചർച്ചകളും നടക്കാനിട്ടില്ലെന്നും ഒമാന്റെ മാധ്യസ്ഥതയിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചെറിയൊരു ചർച്ച മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാഖിൽ മതപരമായ തീർത്ഥാടനത്തിലാണെന്നും ഈ ആഴ്ച അവസാനിക്കുന്നതുവരെ ചർച്ചകൾക്ക് ലഭ്യമാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.തങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്ന കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഇറാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അവസാന ഒരു അവസരം കൂടി നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എങ്കിലും ഒരു കരാറോ അല്ലെങ്കിൽ സമ്പൂർണ്ണ കീഴടങ്ങലോ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്നും ഇറാന് ഒരിക്കലും ആണവായുധം നേടാൻ അനുവാദം നൽകില്ലെന്നും ട്രംപ് വീണ്ടും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.