സെന്റ് ജോർജ് കോട്ടയോട് വിട; മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റാൻ 11 കോടി രൂപ അനുവദിച്ച് തമിഴ്നാട് സർക്കാർ!


3, August, 2026
Updated on 3, August, 2026 56


അരനൂറ്റാണ്ടായി ചരിത്രപ്രസിദ്ധമായ സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിച്ചുവരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായി തമിഴ്നാട് സർക്കാർ 11 കോടി രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലുള്ള നാമക്കൽ കവിജ്ഞർ മാളികയുടെ പത്താം നിലയിലാണ് മുഖ്യമന്ത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓഫീസ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രത്യേക മുറി, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫീസുകൾ, ഉന്നതതല യോഗങ്ങൾക്കായുള്ള വിശാലമായ കോൺഫറൻസ് ഹാൾ എന്നിവ ഇവിടെ സജ്ജീകരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.മുഖ്യമന്തിയുടെ ഓഫീസിന് പുറമെ സെക്രട്ടേറിയറ്റിലെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളും ഈ നവീകരണ പദ്ധതിയുടെ ഭാഗമായി മോടിപിടിപ്പിക്കുന്നുണ്ട്. ദീർഘകാലമായി ഭരണസിരാകേന്ദ്രമായി നിലകൊണ്ട സെന്റ് ജോർജ് കോട്ടയിൽ നിന്ന് സെക്രട്ടേറിയറ്റ് സമുച്ചയത്തിലേക്ക് ഓഫീസ് മാറുന്നത് ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. നാമക്കൽ കവിജ്ഞർ മാളികയിലെ നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




Feedback and suggestions