ഇറാന് മേൽ അതിശക്തമായ ആക്രമണത്തിന് അനുമതി നൽകി ട്രംപ്; അടിസ്ഥാന ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം


1, August, 2026
Updated on 1, August, 2026 4


മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇറാന്റെ ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണങ്ങൾക്കാണ് യുഎസ് തയ്യാറെടുക്കുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും, വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് വ്യക്തമാക്കിയതായി യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തി.തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ യു.എസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ഇതിനകം തന്നെ ബോംബാക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. യുഎസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ കടുത്ത നീക്കത്തിലൂടെ വാഷിങ്ടൺ ലക്ഷ്യമിടുന്നത്. എന്നാൽ, ആക്രമണം നീളുന്നത് വൻ യുദ്ധത്തിലേക്കും ആഗോള സാമ്പത്തിക തകർച്ചയിലേക്കും നയിച്ചേക്കാമെന്ന് വൈറ്റ് ഹൗസ് ഉപദേശകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം കടുക്കുന്നതോടെ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്ക് ഗതാഗതവും എണ്ണ വിതരണവും വലിയ തോതിൽ തടസ്സപ്പെടാൻ സാധ്യതയേറി. ഇത് ആഗോള എണ്ണവില വർദ്ധിക്കുന്നതിനും വിപണികളിൽ തിരിച്ചടിയുണ്ടാക്കുന്നതിനും ഇടയാക്കും. നയതന്ത്ര ചർച്ചകളുടെ വാതിലുകൾ അടയുകയും സൈനിക നടപടികൾ അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.




Feedback and suggestions