1, August, 2026
Updated on 1, August, 2026 3
ന്യൂഡൽഹി : കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ സോഷ്യൽ മീഡിയ ഭീമനായ മെറ്റ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രധാനമന്ത്രിയെയും മറ്റ് പ്രമുഖ നേതാക്കളെയും വ്യക്തിഹത്യ നടത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബിജെപി അനുഭാവികൾ നൽകിയ പരാതിയിലാണ് മെറ്റയുടെ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ അന്വേഷണ ഏജൻസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിഷയം പരിഹരിക്കുന്നതിനായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും മെറ്റ വക്താവ് വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) വിവരസാങ്കേതികവിദ്യ (ഐടി) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഹൈദരാബാദ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെലങ്കാന ബിജെപി സോഷ്യൽ മീഡിയ സെൽ ഭാരവാഹിയായ ടി. സായികിരൺ ഗൗഡ്, ബിജെപി പ്രവർത്തകനായ എസ്. അരവിന്ദ് റെഡ്ഡി എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഡിജിറ്റലായി വികൃതമാക്കിയും അശ്ലീലകരമായ രീതിയിലും പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും പൊതുസമാധാനത്തിനും ഭീഷണിയാണെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായി നിർമ്മിച്ചതാണെന്നും പരാതിക്കാർ ആരോപിച്ചു.
നിയമപരമായ ഉത്തരവുകൾ ലഭിച്ചതിനെ തുടർന്ന് ചില അപകീർത്തികരമായ ലിങ്കുകളും ഉള്ളടക്കങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പരാമർശിച്ച മിക്ക ലിങ്കുകളും ഇതിനോടകം പ്രവർത്തനരഹിതമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ഐടി മന്ത്രാലയം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് സാങ്കേതികവും നയപരവുമായ കാര്യങ്ങളിൽ സർക്കാരുമായി ചർച്ച നടത്താൻ മെറ്റ സമ്മതിച്ചിട്ടുണ്ട്. മുൻപ് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ സാങ്കേതിക പിഴവ് മൂലം താൽക്കാലികമായി നീക്കം ചെയ്യപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ തലവനെ തന്നെ സഹ-പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുറ്റാരോപിതരായ സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകളെ കണ്ടെത്താനും ഐപി വിലാസങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനുമായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.