31, July, 2026
Updated on 31, July, 2026 49
മധ്യപ്രദേശിലെ പച്ചപ്പാർന്ന സാൽ കാടുകളെ സംരക്ഷിക്കാൻ വനംവകുപ്പ് നടപ്പാക്കിയ വ്യത്യസ്തവും കൗതുകകരവുമായ പദ്ധതി വൻ വിജയത്തിലേക്ക്. തൊലി തുളച്ച് മരങ്ങളെ നശിപ്പിക്കുന്ന സാൽ ബോറർ വണ്ടുകളെ പിടികൂടുന്നവർക്ക് ഒന്നിന് രണ്ട് രൂപ പാരിതോഷികം പ്രഖ്യാപിച്ചതോടെ ഗോത്രവർഗ കുടുംബങ്ങൾ കൂട്ടത്തോടെ വനത്തിലേക്ക് ഇറങ്ങുകയായിരുന്നു. ദിണ്ഡോറി ജില്ലയിൽ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ വെറും രണ്ട് മാസത്തിനുള്ളിൽ ഗ്രാമീണർ പിടികൂടിയത് ഇരുപത്തിയൊന്ന് ലക്ഷത്തിലധികം വണ്ടുകളെയാണ്. ഇതിലൂടെ ഇവർ നേടിയത് നാലപത്തിരണ്ട് ലക്ഷത്തോളം രൂപയാണ്.ഏകദേശം മുപ്പതിനായിരം ഹെക്ടറോളം വരുന്ന വനമേഖലയിലെ ഒന്നര ലക്ഷത്തോളം സാൽ മരങ്ങളെയാണ് ഈ വണ്ടുകൾ നശിപ്പിച്ചത്. മരങ്ങൾ വ്യാപകമായി വെട്ടിമാറ്റേണ്ടിവരുന്ന ഗുരുതരമായ സാഹചര്യത്തിലാണ് വനംവകുപ്പ് ഈ ബദൽ പരീക്ഷണം നടത്തിയത്. അഞ്ഞൂറോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമായി വണ്ടുവേട്ടയ്ക്കായി ഇറങ്ങിയത്.പ്രത്യേക മരക്കെണികൾ ഒരുക്കി ആകർഷിച്ചാണ് വണ്ടുകളെ കൂട്ടത്തോടെ പിടികൂടിയത്. വണ്ടിന്റെ ആക്രമണത്തിൽ നിന്ന് വനത്തെ രക്ഷിക്കാനും ഒപ്പം തങ്ങൾക്ക് മികച്ചൊരു വരുമാനം നേടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗ്രാമീണർ. നൂലിൽ കോർത്ത് മാലകളാക്കിയാണ് ഇവർ പിടികൂടിയ വണ്ടുകളെ വനംവകുപ്പിന് മുന്നിൽ ഹാജരാക്കിയത്.